ഉണ്ണിമുകുന്ദന്‍ നായകനായ ‘ഇര’ എന്ന ചിത്രത്തെക്കുറിച്ച് മാതൃഭൂമിയുടെ ചിത്രഭൂമി സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച നിരൂപണത്തിനെതിരേ പ്രതിഷേധവുമായി സിനിമാലോകം. നടന്‍ ദിലീപിന്റെ അറസ്റ്റിനുശേഷം മാതൃഭൂമി ചാനലിനെതിരേയും പത്രത്തിനെതിരേയും വ്യാപകപ്രതിഷേധമാണ് സിനിമാപ്രവര്‍ത്തകരുടെ ഇടയില്‍നിന്നുള്ളത്. ഒളിയാക്രമണങ്ങള്‍ക്ക് പ്രമുഖരുടെ നല്ല പിന്‍തുണയുണ്ടെങ്കിലും നേരിട്ട് പത്രത്തിനുനേരെ പ്രതിഷേധിക്കുന്നവര്‍ ചുരുക്കമാണ്.

സിനിമാപ്പരസ്യങ്ങള്‍ മാതൃഭൂമിയില്‍ നല്‍കില്ലെന്ന തീരുമാനത്തിലുറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഇതിനിടെ ചിത്രഭൂമിയെന്ന സപ്ലിമെന്റിലൂടെ കൈയടിച്ച് പ്രോത്സഹിപ്പിക്കാതെ കൂതറസിനിമകളെ വലിച്ചുകീറുന്ന നിരൂപണങ്ങളുമായി മാതൃഭൂമിയും തിരിച്ചടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ചിത്രഭൂമി സപ്ലിമെന്റില്‍ ‘ഇരകളാകുന്ന പ്രേക്ഷകര്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച നിരൂപണമാണ് സിനിമാക്കാരെ പ്രകോപിപ്പിച്ചത്. കഥമുഴുവന്‍ പറഞ്ഞ നിരൂപണത്തില്‍ സിനിമയെ കൊന്നുകൊലവിളിച്ചു. ജയറാമിന്റെ മകന്‍ അഭിനയിച്ച ‘പൂമര’ത്തെക്കുറിച്ചും ‘പൂവുറങ്ങിയ പൂമരം’ എന്ന തലക്കെട്ടില്‍ സത്യസന്ധമായ വിലയിരുത്തലാണ് പത്രം നടത്തിയത്.

ഇതിനിടെയാണ് ‘ഇരയ്‌ക്കൊപ്പം മലയാളസിനിമയ്‌ക്കൊപ്പം’ എന്ന കുറിപ്പോടെ നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. മാതൃഭൂമിയെ ടിഷ്യൂ പേപ്പറിനോട് ഉപമിച്ചുകൊണ്ടുള്ളതാണ് വീഡിയോ. സോഷ്യല്‍മീഡിയായില്‍ സംഗതി വൈറലാകുമ്പോഴും നേരിട്ടുള്ള പ്രതിഷേധത്തില്‍നിന്ന് പ്രമുഖര്‍ വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും റിവ്യൂയിലെ സത്യസ്ന്ധത തുടരുമെന്നാണ് മാതൃഭൂമിയുടെ നിലപാട്.

 

LEAVE A REPLY

Please enter your comment!
Please enter your name here