മലയാളികളുടെ ചലച്ചിത്രാസ്വാദന നിലവാരം താഴ്ന്നുപോയെന്നും വഴിയേപോകുന്നവരെല്ലാം സിനിമയെടുക്കുന്നൂവെന്നും പരിതപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. ചലച്ചിത്ര അക്കാദമിയും സിഡിറ്റും തിരുവനന്തപുരം വഴുതക്കാട് വിമെന്‍സ്‌കോളജില്‍ സംഘടിപ്പിച്ച ചലച്ചിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്തവേളയിലാണ് അടൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ കാണാന്‍ വെളുപ്പിനെ തന്നെ ചന്ദനക്കുറിയൊക്കെ ഇട്ട് തിയറ്ററില്‍ പോകുന്നവരായി മലയാളികള്‍ മാറി. ബി.എയും എം.എയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരും വരെ ഇക്കൂട്ടത്തിലുണ്ടെന്നും അടൂര്‍ പറഞ്ഞു.

സിനിമയോടുള്ള ഈ സമീപനം അപമാനകരമായ നിലയിലാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയില്‍ നടക്കുന്നത്.

സ്‌കൂളിലെ കുട്ടികളെകൊണ്ടുവരെ കൂട്ടത്തോടെ സിനിമ എടുപ്പിക്കയാണ്. ഇത് അധ്യാപകരുടെ നിര്‍ബന്ധ ബുദ്ധിയാണ്. ഇതു കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യുമെന്നും സ്‌കൂള്‍പ്രായത്തില്‍ കൂട്ടികള്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും വളരുകയാണു വേണ്ടത്.

ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണെന്നും ഇവര്‍ക്ക് ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സിനിമകള്‍ കാണാന്‍ ആരുമെത്താറില്ല. ഉടനേ കാണികള്‍ക്കു നിലവാരം ഇല്ലെന്നോ അല്ലെങ്കില്‍ ‘ആര്‍ട് ഫിലിം’ എന്നോ അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here