ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാകാന്‍ ദീപിക പദുക്കോണ്‍ ഒരുങ്ങുന്നു

0

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ‘പത്മാവത്’ എന്ന ചിത്രത്തിനു ശേഷം ദീപിക വീണ്ടും ബോളിവുഡിലേക്ക് തിരികെയെത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാല്‍ ഒരുക്കുന്ന ചിത്രത്തിലാണ് ദീപിക ഇനി അഭിനയിക്കുക. ചിത്രത്തിന്റെ നിര്‍മ്മാണവും ദീപിക ഏറ്റെടുത്തെന്നാണ് വിവരം.

ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ അതെന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചുവെന്നാണ് ദീപിക ചിത്രീകരണത്തെക്കുറിച്ച് പ്രതികരിച്ചത്. കേവലം അതിക്രമത്തിന്റെ കഥ മാത്രമല്ല ഇത്. ധൈര്യത്തിന്റെയും, ശക്തിയുടേയും, പ്രതീക്ഷയുടേയും വിജയത്തിന്റേതുമൊക്കെയാണെന്ന് അവര്‍ പറയുന്നു.

പതിനഞ്ചാം വയസിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആക്രമണത്തിനെതിരെ നിരവധി ക്യാമ്പയിനുകളും ബോധവത്കരണ പരിപാടികളും നടത്തി. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരം ഏറ്റുവാങ്ങി.

ആലിയ ഭട്ട് നായികയായ റാസിയായിരുന്നു മേഘ്‌ന ഗുല്‍സാറിന്റെ അവസാന ചിത്രം. ലക്ഷ്മിയുടെ കഥ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മേഘ്‌ന വിശ്വസിക്കുന്നു. ‘ചിത്രത്തില്‍ ലക്ഷ്മിയാകാന്‍ ഏറ്റവും അനുയോജ്യ ദീപിക തന്നെയാണ്. ഈ കഥാപാത്രത്തോട് ദീപികയ്ക്ക് നൂറുശതമാനം നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ ലക്ഷ്മിയെ ഓര്‍ത്തപ്പോള്‍ ശാരീരികമായും ദീപിക തന്നെയാണ് യോജിക്കുന്നത് എന്ന് തോന്നി. കഥ കേട്ടപ്പോള്‍ തന്നെ ഇതു ചെയ്യാമെന്ന ദീപികയുടെ തീരുമാനത്തില്‍ അങ്ങേയറ്റം നന്ദിയുണ്ട്. അതെനിക്ക് കൂടുതല്‍ ധൈര്യം തന്നു’- മേഘ്‌ന പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here