ബെംഗളൂരു : വെറും രണ്ട് മണിക്കൂര്‍ എട്ട് മിനിറ്റിനുള്ളില്‍ ചിത്രീകരിച്ച ഒരു സിനിമ ഇതാ. ഒരു കട്ട് കൂടാതെ സിംഗിള്‍ ടേക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘രക്ത ഗുലാബി’ എന്ന് പേരിട്ടിരിക്കുന്ന കന്നഡ ചിത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒറ്റ ഷോട്ടില്‍ ചിത്രം നിര്‍മ്മിച്ചതിനേ കുറിച്ച് സംവിധായകന് റാബിയുടെ വാക്കുകള്‍ ഇതാണ്.
അത് എളുപ്പമായിരുന്നില്ല. ഷൂട്ടിംഗിന് മുമ്ബായി ഞങ്ങള്‍ ആസൂത്രണവും തയ്യാറെടുപ്പും നടത്തി. പ്രീ പ്രൊഡക്ഷന്‍ വേണ്ടി ഞാന്‍ ഒരു വര്‍ഷത്തോളം ചെലവഴിച്ചു. പ്രോജക്റ്റിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ല, കാരണം ഇത് ഒരു പുതിയ ആശയമാണ്, ആരും ഇത് കോപ്പി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് വളരെ വൈകിയാണ് തയ്യാറെടുപ്പുകള്‍ അവസാനിച്ചിരുന്നത്. ഈ പദ്ധതിയില്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ധാരാളം പേരുണ്ട്. എല്ലാവരുടെയും വിജയമാണിത്.’
‘ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു വ്യക്തിയുടെ ജീവിതത്തിലെ മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നുപോകുന്നത്. മറ്റെല്ലാവരെയും പോലെ, തുടക്കത്തില്‍ അവന് ലളിതമായ ജീവിതം നയിക്കുന്നു, പക്ഷേ സാഹചര്യങ്ങള്‍ അവനെ റിബലാക്കുന്നു. ഈ സമയത്താണ് അവന് സ്നേഹം കണ്ടെത്തുകയും പഴയ വഴികള്‍ ഉപേക്ഷിച്ച് പുതു ജീവിതം ആരംഭിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഭൂതകാലം അവനെ വേട്ടയാടുന്നു.
അവന് മുന്നോട്ട് പോകുമോ അതോ തന്റെ ഭൂതകാലത്തില്‍ കുടുങ്ങുമോ എന്ന ചോദ്യം കഥയുടെ കാതലായി മാറുന്നു. ബോംബ് സ്ഫോടനങ്ങളും തോക്ക് വെടിവയ്പ്പും അടക്കമുള്ള രംഗങ്ങളുള്ള ചിത്രമാണ് ഒറ്റ ഷോട്ടില്‍ തീര്‍ത്തിരിക്കുന്നത്.