കൈപ്പത്തിക്ക് കുത്തിയാല്‍ താമരയെന്ന പരാതി; ദിവാകരന് തുണയാകുമോ?

0

20 ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിലെങ്കിലും എന്‍.ഡി.എ. അക്കൗണ്ട് തുറക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന തലസ്ഥാനവും പത്തനംതിട്ടയുമാണ് ശ്രദ്ധാകേന്ദ്രങ്ങളെന്നതില്‍ തര്‍ക്കമില്ല. വോട്ടിങ് മെഷീനില്‍ വിരല്‍ പതിയുന്നതിന് തൊട്ടുമുമ്പുള്ള നിമിഷംവരെയുള്ള സംഭവങ്ങള്‍ ഒരു വോട്ടറുടെ തീരുമാനങ്ങള്‍ മാറ്റിയേക്കാം. സ്ഥാനാര്‍ത്ഥിയോ പ്രാദേശിക നേതാക്കളോ കണ്ടിട്ടും ഒന്നും ചിരിക്കാതെ പോയാല്‍ വരെ വോട്ടറുടെ മനസുമാറാം. എന്‍.ഡി.എയെ അക്കൗണ്ട് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പരസ്യമായ വെല്ലുവിളിയുയര്‍ത്തിരുന്നു. വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ച മുഖ്യമന്ത്രിയും എന്‍.ഡി.എ. മൂന്നാംസ്ഥാനത്താകുമെന്ന് ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കുമ്മനം രാജശേഖരന്റെയും കെ.സുരേന്ദ്രന്റെയും വിജയം എന്തുവിലകൊടുത്തും തടയാനുള്ള ആസൂത്രിതനീക്കം നടക്കുന്നതായും ക്രോസ് വോട്ടിങ് സാധ്യതയും ബി.ജെ.പി. നേതൃത്വം മുന്നില്‍ക്കണ്ടിരുന്നു. ഇക്കാര്യം കുമ്മനമടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കഴിഞ്ഞ തവണ ഒ.രാജഗോപാലിന്റെ വിജയം തടഞ്ഞ ന്യൂനപക്ഷ ഏകീകരണം ഇത്തവണയും ശശിതരൂരിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും. നഷ്ടപ്പെടുന്ന ഹിന്ദുവോട്ടുകള്‍ സഖാക്കളുടെ പിന്തുണകൊണ്ട് മറികടക്കാനാകുമെന്നും കോണ്‍ഗ്രസ് കൂടാരത്തിലെ അടക്കം പറച്ചില്‍. എന്നാല്‍ കോവളം മണ്ഡലത്തിലെ ചൊവ്വരയിലെ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ടുരേഖപ്പെടുത്തിയാല്‍ താമരയ്ക്ക് ലൈറ്റ് തെളിയുന്നൂവെന്ന ഗുരുതര ആരോപണമാണ് യു.ഡി.എഫ്. ഉയര്‍ത്തിയത്. ഓരോ വോട്ടും നിര്‍ണ്ണായകമായ തലസ്ഥാനത്ത് ഈ പ്രചരണം സൃഷ്ടിക്കുന്ന അടിയൊഴുക്കുകള്‍ എന്താകുമെന്ന് പ്രവചിക്കാനാവില്ല. എന്‍.ഡി.എ. പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നതാണ് ചരിത്രം.

തിരുവനന്തപുരത്തും ഇത്തവണ ഇത്തരം ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്‍.ഡി.എയെ എതിര്‍ക്കുന്നവര്‍ സി.ദിവാകരനെക്കാള്‍ വിജയസാധ്യത കല്‍പിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ശശിതരൂര്‍. ഇതിനിടെയാണ് കൈപ്പത്തിക്ക് കുത്തിയാല്‍ താമര തെളിയുന്നൂവെന്ന ഗുരുതര ആരോപണം രാവിലെത്തന്നെ ഉയര്‍ന്നത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ കനത്ത ആശങ്കയുയര്‍ത്തിയിരുന്നു.

ഇതോടെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി ആരെന്നും ആരെ പിന്തുണയ്ക്കമെന്നും പലര്‍ക്കുമുണ്ടായ സംശയം സി.ദിവാകരനെ സഹായിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ ഇടത്-വലത് ധാരണയെന്ന ആരോപണത്തിനിടയിലും സി.ദിവാകരന്റെ ഈ സാധ്യത തിരിച്ചറിഞ്ഞ് ഇടത്വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടാല്‍ അപ്രതീക്ഷിത ക്ലൈമാക്സാകും തലസ്ഥാനത്തുണ്ടാകുക. തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം രുചിക്കാത്ത സി.ദിവാകരനെ എഴുതിത്തള്ളാനാവില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന ഫലമാകും.

LEAVE A REPLY

Please enter your comment!
Please enter your name here