തൃശൂര്‍: ‘നിങ്ങള്‍ എന്നെ എം.എല്‍.എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരു കോടിയെടുത്ത് ശക്തന് മത്സ്യ-മാംസ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. തോല്‍പ്പിക്കുകയാണെങ്കില്‍, കൊവിഡ് കാലം കഴിഞ്ഞ് എം.പി ഫണ്ട് വരുമ്ബോള്‍ 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്ന് ഒരു കോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് ഒരു കോടി എടുത്ത് ചെയ്യും.” ശക്തന് മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ വിവരിച്ച് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗമാണിത്. ‘ബീഫ് വില്‍ക്കുന്ന കടയില്‍ പോയി ഞാന്‍ ഇത് പറഞ്ഞു. അങ്ങനെ പറയണമെങ്കില്‍ അതിനുള്ള നട്ടെല്ലുറപ്പുണ്ട് എന്ന് മനസിലാക്കണം.
ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ അസൂയ ഉണ്ടെങ്കില്‍ നിങ്ങളെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ ആറിന് അവര്‍ ചെയ്യും. ഒരു സി.പി.എം – സി.പി.ഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ?. ” പ്രസംഗം സിനിമാ സ്റ്റൈലിലായതോടെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പ്രചാരണ പരിപാടിയില്‍ ഇടത് – വലത് മുന്നണികളെ കടന്നാക്രമിച്ചത്.