പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പരിശോധനക്കായി ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടന്‍ ഷൗക്കത്താണ് തിരക്കഥ എഴുതിയത്.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

LEAVE A REPLY

Please enter your comment!
Please enter your name here