തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശം. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കി. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡില്‍ നിന്നു പുറത്തു പോകണം. എന്നാല്‍ സ്ഥാനാര്‍ഥിയോ ഇലക്ഷന് ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ അവര്‍ക്ക് ഇത് ബാധകമല്ല.
ഡമ്മി ബാലറ്റ് അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം തോന്നത്തക്ക രീതിയില്‍ അച്ചടിക്കരുതെന്ന് വിവിധ ജില്ലാ കലക്ടര്‍മാര്‍ വ്യക്തമാക്കി. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മിഷന് നിശ്ചയിച്ചിട്ടുള്ളത്.
ഒരു സ്ഥാനാര്‍ഥി ബാലറ്റ് പേപ്പറില്‍ തന്റെ പേര് എവിടെ വരുമെന്ന് വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താനാണ് ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നത്. ഇങ്ങനെ അച്ചടിക്കുമ്ബോള്‍ വാര്‍ഡില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ലെന്നും അധികൃതര്‍ പറയുന്നു. കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റെെനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി സ്പെഷല്‍ ബാലറ്റ് പേപ്പര്‍ വിതരണം ആരംഭിച്ചിരുന്നു. ഡിസംബര്‍ എട്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് സ്പെഷല്‍ ബാലറ്റ് വിതരണം നടക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.
.