ഇടിത്തീയായി ഒളിക്യാമറ: കോഴിക്കോട്ട് രാഘവനെ നേരിടാന്‍ ഇടതിന് പുതിയ ആയുധം

0

കോഴിക്കോട്: അധികം വിയര്‍പ്പൊഴുക്കാതെ ജയിക്കാമെന്ന് യു.ഡി.എഫ് കണക്കു കൂട്ടിയിരുന്ന കോഴിക്കോട് മണ്ഡലത്തിലേക്ക് ഇടിത്തീയായി ഒളിക്കാമറ റിപ്പോര്‍ട്ട്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ മണ്ഡലത്തിലെ മേല്‍ക്കൈ ഇല്ലാതാക്കാനുള്ള ആയുധമായി ഇടതു ക്യാമ്പുകള്‍ വിഷയം ഉയര്‍ത്തി തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഒളിക്യാമറ റിപ്പോര്‍ട്ട് ബാധിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് യു.ഡി.എഫ് ക്യാമ്പ്.

ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ ടിവി 9 പുറത്തുവിട്ട ഒളിക്യാമറ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ നിര്‍ദേശിക്കുന്നുവെന്ന് ചാനല്‍ അവകാശപ്പെടുന്നു. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ചാനലിന്റെ ഒളിക്യാമറ ഓപറേഷന്‍.

അതേസമയം, തനിക്കെതിരായ ടി.വി 9 ചാനലിന്റെ ഒളിക്യാമറ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് എം.കെ. രാഘവന്‍ പ്രതികരിച്ചു. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും എം.കെ. രാഘവന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here