കാസര്‍കോട്: വോട്ടു തേടലിനിടെ നാടന്‍പാട്ടും മിമിക്രിയും അവതരിപ്പിച്ചപ്പോള്‍ ലഭിച്ച കൈയ്യടികള്‍ വോട്ടായി മാറിയതോടെ കലാഭവന്‍ രാജു വിജയശ്രീലാളിതനായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന രാജു ഇത്തവണ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു മത്സരിച്ചത്. അകാലത്തില്‍ പൊലിഞ്ഞ നടന് കലാഭവന്‍ മണിയുടെ ഓര്‍മകള്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചായിരുന്നു ദലിത് ലീഗ് ജില്ല സെക്രട്ടറി കൂടിയായ രാജുവിെന്റ പ്രചാരണം. വോട്ടു തേടലിനിടെ നാടന്‍പാട്ടും മിമിക്രിയും അവതരിപ്പിച്ച രാജുവിന് മികച്ച സ്വീകരണമായിരുന്നു ജനങ്ങള്‍ നല്‍കിയത്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനില്‍ നിന്നാണ് ചട്ടഞ്ചാല്‍ കാവുംപള്ളത്തെ ഈ 45കാരന് ജനവിധി തേടിയത്. മുസ്ലിം ലീഗിെന്റ സിറ്റിങ് ഡിവിഷനാണിത്. 1200ഓളം വോട്ടിെന്റ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ലീഗ് പ്രതിനിധി ഡിവിഷന് കൈപ്പിടിയിലാക്കിയത്. ഇത്തവണ സി.പി.എമ്മിെന്റ ചന്ദ്രന് കൊക്കാലിനെ 884 വോട്ടുകള്‍ക്കാണ് രാജു തറപറ്റിച്ചത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബെണ്ടിച്ചാല്‍ വാര്‍ഡില്‍ നിന്ന് 27 വോട്ടിെന്റ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. നീലേശ്വരം സ്വദേശിനിയായ ജിഷയാണ് ഭാര്യ.
1998ലാണ് കലാഭവനില്‍ ചേരുന്നത്. കലാഭവന്‍ മണിയുടെ രൂപവും ശബ്ദവും അന്നേ അനുകരിക്കാറുണ്ടായിരുന്നു. അന്ന്, അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞറിഞ്ഞ് ഒരു ഞായറാഴ്ച കലാഭവന്‍ മണി നേരിട്ട് കാണാനെത്തി. ഒരു ബെഞ്ചില്‍ മുഖാമുഖമിരുന്ന് അനുകരിച്ചതോടെ ഏറെ ഇഷ്ടപ്പെട്ടു. കാണാന്‍ തെന്റ ചെറുപ്പകാലം പോലെ ഉണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
കലാഭവന്‍ വേഗത്തില്‍ വിട്ടെങ്കിലും മണിയുമായുള്ള സൗഹൃദം രാജു തുടര്‍ന്നു. 2000ത്തില്‍ ‘നന്മ’ എന്ന സിനിമയിലഭിനയിക്കാന്‍ ഈ സൗഹൃദം കാരണമായി. അതുവഴി ‘നിഴല്‍’ എന്ന സിനിമയിലുമെത്തി. കാസര്‍കോട് കലാഭവന്‍ എന്ന പേരില്‍ ഒരു ട്രൂപ് ആരംഭിച്ച് മിമിക്സ് പരേഡ് ഉള്‍പ്പെടെ നടത്തിയിരുന്നു. പിന്നീട് കാസര്‍കോട് കലാഭവന്‍ ഫാന്‍സ് അസോസിയേഷന് രൂപവത്കരിച്ച രാജു ജില്ല പ്രസിഡന്റുമായിരുന്നു.