തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.
അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്നങ്ങള്‍ കാരണം പോളിങ് അല്പം വൈകി. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന് വ്യക്തമാക്കി. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 9.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്.