തലസ്ഥാനം ആരുടെ ‘തലയില്‍’

0

തലയില്‍ നല്ല ആളു താമസമുണ്ടെന്ന് പരക്കെ പേരുള്ളയാളാണ്. ആഗോളതലത്തിലും അമേരിക്കന്‍ ജംഗ്ഷനിലും ഇങ്ങ് തലസ്ഥാനത്തും നല്ല പിടിപാടുള്ള വ്യക്തിത്വം. ചിന്തകന്‍, പ്രാസംഗികന്‍, ശുദ്ധവെജിറ്റേറിയന്‍. എങ്കിലും തരംകിട്ടിയാല്‍ മത്സ്യത്തൊഴിലാളികളെക്കരുതി ഇടയ്ക്കിടെ നല്ല ചൂരമീന്‍ കൈയിലെടുത്ത് താലോലിക്കാനും മടിയില്ലാത്ത സുന്ദരരൂപന്‍. ആദ്യം ലണ്ടനും പിന്നെ ബാഴ്സലോണയുമാക്കി മാറ്റുമെന്ന് തലസ്ഥാനത്തെ മണ്ടന്മാരോട് പത്തുകൊല്ലം മുമ്പേ പറഞ്ഞിട്ടുമുണ്ട്. ഇത്തവണ അങ്ങനെയല്ല, കടുത്ത മത്സരമാണ് നേരിടുന്നത്. മറുവശത്ത് തോല്‍വികള്‍ ഏറ്റുവാങ്ങി ശീലമുള്ളയാണ് ഒരാള്‍. സോഷ്യല്‍ മീഡിയായിലും തെരഞ്ഞെടുപ്പ് ഗോദയിലും. പിന്നെയുള്ളയാള്‍ തോല്‍വികള്‍ അറിഞ്ഞിട്ടില്ലാത്ത വിപ്ലവസൂര്യനും.

കാശിനോട് ആര്‍ത്തിയില്ല, സാത്വിത ജീവിതം, നരകറുപ്പിക്കാത്ത വ്യക്തിത്വം. കൂടിപ്പോയാല്‍ മിസോറമില്‍വരെ പിടിപാട്. അത്രേയുള്ളൂ. ഇത്തവണയും തീരത്ത് തിരയെണ്ണിയിരിക്കേണ്ടി വരുമെന്ന പ്രതീതി അസ്ഥാനത്താവില്ലെന്നാണ് എതിരാളികളുടെ പ്രതീക്ഷ. നാലുവോട്ടിനും ഒരു സീറ്റിനും വേണ്ടി നിലപാടില്‍ വെള്ളം ചേര്‍ക്കാത്തയാളാണ് ഒപ്പത്തിനൊപ്പം. അപ്പൊപ്പിന്നെ വോട്ടുകുറയുന്നതും കൂടുന്നതുമൊന്നും പ്രശ്നമല്ല. ഒത്താല്‍ തലസ്ഥാനനിവാസികളെ സേവിക്കും. അല്ലേല്‍, നെടുമങ്ങാട്ടുകാരേയും. അതുകൊണ്ട് ടെന്‍ഷനില്ല.

അതുപോലല്ല മറ്റുരണ്ടുപേരുടെയും കാര്യം. കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍ ആ ത്രാസ് തലയില്‍ തന്നെ. ന്യൂനപക്ഷ-ഭൂരിപക്ഷ ബലാബലത്തിനൊടുവില്‍ ആര് വീഴും ആര് വാഴുമെന്ന് കണ്ടുതന്നെയറിയണം. ഇതിനിടയില്‍ ആരും തല്ലുകൂടാത്ത സൂര്യോദയം വരട്ടെയെന്ന് പദ്മനാഭന്റെ മണ്ണ് ചിന്തിച്ചാല്‍, വിപ്ലവ സിംഹങ്ങള്‍ സ്വയം കുഴിതോണ്ടി കുളമാക്കാതിരുന്നാല്‍ മതി. തോല്‍വികള്‍ ഏറ്റുവാങ്ങി ശീലമില്ലാത്ത സഖാവിനും ശീലമുള്ള സഖാക്കള്‍ക്കും സാത്വിതകനൊപ്പം തിരയെണ്ണാനാണ് വിധിയെങ്കില്‍ പിന്നേട് ചെറിയ വെളിപാടുകള്‍ ഉണ്ടായേക്കാം. തലയില്‍ തേങ്ങാ വീണില്ലെങ്കില്‍ മാത്രം…..

LEAVE A REPLY

Please enter your comment!
Please enter your name here