തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളും ക്രമവും മാറ്റാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിൽ  ബിജെപി സ്ഥാനാർത്ഥികളുടെ  അപരന്മാർക്ക് താമരയ്ക്ക് സമാനമായ റോസാപ്പൂ ചിഹ്നവും തൊട്ടടുത്ത് സ്ഥാനവും നൽകിയതാണ് വിവാദമായത്.

ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ചിഹ്നത്തെച്ചൊല്ലിയുള്ള പോര്. പത്ത് ഡിവിഷനുകളിൽ ബിജെപി സ്ഥാനാർത്ഥിയുടെ അതേപേരുള്ള അപരന്റെ സ്ഥാനം ബിജെപി സ്ഥാനാർത്ഥിക്ക് തൊട്ടടുത്ത്. ചിഹ്നം താമരയ്ക്ക് സമാനമായ റോസാപ്പൂ. പട്ടിക പ്രസിദ്ധീകരിച്ചതോടെ ബിജെപി സമരവുമായെത്തി. എന്നാൽ ചട്ടമനുസരിച്ച് അക്ഷരമാലാ ക്രമത്തിലാണ് ചിഹ്നവും സ്ഥാനവും അനുവദിച്ചതെന്നും മാറ്റാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയതോടെയാണ് ബിജെപി നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നത്.

നിയമനടപടിയുടെ ഫലപ്രാപ്തിയിൽ സംശയമുണ്ടെങ്കിലും വിഷയം സജീവമായി നിലനിർത്താനാണ് ബിജെപി ശ്രമം. അപരന്മാർ കടുത്ത വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞ് ഇക്കാര്യത്തിൽ പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. മുന്നണികൾ തമ്മിലുള്ള പോരിന് പുറമേ അപരശല്യം കൊണ്ട് വലയുകയാണ് ഇടത് വലത് ഭേദമില്ലാതെ കോർപ്പറേഷനിൽ മുന്നണികൾ

LEAVE A REPLY

Please enter your comment!
Please enter your name here