update : പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമര്‍ശിച്ചത്’; അരിതക്കെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആരിഫ്. പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നതെന്നാണ് ആരിഫിന്റെ ചോദ്യം
കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കേ വിവാദ പ്രസ്താവനയുമായി എ എം ആരിഫ് എംപി. കായംകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ചാണ് എ എം ആരിഫ് എം പി രംഗത്തെത്തിയത്. പാൽ സൊസൈറ്റിയിലേക്ക് ഉള്ളതല്ല നിയമസഭ തെരഞ്ഞെടുപ്പെന്ന് എ എം ആരിഫ് പറഞ്ഞു. ഒരു എൽ ഡി എഫ് പൊതുയോഗത്തിൽ ആയിരുന്നു ആരിഫ് ഇങ്ങനെ പറഞ്ഞത്.
കായംകുളത്ത് നടന്ന വനിതാസംഗമത്തിൽ ആണ് ആരിഫ് ഇങ്ങനെ പറഞ്ഞത്. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേയാണ് എ എം ആരിഫ് ഇങ്ങനെ പറഞ്ഞത്. യു ഡി എഫ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാണ് അരിത. പശുവിനെ വളർത്തിയാണ് അരിത തന്റെ ഉപജീവന മാർഗത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് അരിത ബാബു.
സിറ്റിങ് എം എൽ എ കൂടിയായ ഇടതുമുന്നണിയുടെ യു പ്രതിഭയാണ് കായംകുളത്ത് അരിതയുടെ എതിർ സ്ഥാനാർഥി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം.
അതേസമയം, കഴിഞ്ഞദിവസം, അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി ഉയർന്നിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ മൂന്ന് ജനൽ ചില്ലുകൾ തകർത്തെന്നാണ് ആരോപണം.
അറസ്റ്റിലായ ആൾ സി പി എംകാരനാണെന്നും സി പി എമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍, അരിതയുടെ വീട് ആക്രമിച്ച സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി പി എം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കു വച്ചിട്ടുണ്ട്. ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അരിത ബാബു. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകിയത് നടൻ സലിം കുമാർ ആയിരുന്നു.
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അരിത. ശബരിമല, പൗരത്വ സമരങ്ങളിൽ നിറഞ്ഞു നിന്ന നേതാവാണ് അരിത. വീട്ടിലെ പശു തൊഴുത്തിലെ ജോലികൾ കഴിഞ്ഞ ശേഷമാണ് അരിത പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നത്.