വിവാദമായി വിജയരാഘവന്റെ വാക്കുകള്‍, പരാതി നല്‍കി രമ്യ

0

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശം വിവാദമായി. വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് പരാതി നല്‍കി.

ആലത്തൂര്‍ ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരായ പരാമര്‍ശം ആസൂത്രിത നീക്കമാണെന്നും പി.കെ. ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമാണെന്നും രമ്യ പറഞ്ഞു.

തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലുമൊക്കെ നടത്തിയ ഒരു സര്‍ക്കാരുമാണുള്ളത്. അവരാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് വളരെ ഖേദകരമാണെന്നും രമ്യ പ്രതികരിച്ചു.

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രബാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ‘ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്’ എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here