ശബരിമലയ്ക്കു പിന്നാലെ ജനങ്ങളുടെ ഇടയിലുണ്ടായ അതൃപ്തിക്ക് തൃപ്തികരമായ പരിഹാരം കാണാനാവാതെ ഉഴലുന്ന ഇടതുമുന്നണിയെ പിടിച്ചുലച്ച് പുതിയ പ്രഹരം. പി.എസ്.സി. സിവില്‍പോലീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെയും 28-ാം റാങ്കുകാരനായ രണ്ടാം പ്രതി നസീമിന്റേയും പൂര്‍വ്വകാല പഠനചരിത്രം പുറത്തായതാണ് തലവേദനയാകുന്നത്.

പി.എസ്.സി തട്ടിപ്പുണ്ടായെന്ന കടുത്ത ആരോപണമാണ് പ്രതിപക്ഷ കക്ഷികളടക്കം നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യത്തിലെ സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് പ്രതികളുടെ പഠനനിലവാര റിപ്പോര്‍ട്ടുകള്‍.

കേരള സര്‍വകലാശാലയുടെ എം.എ. ഫിലോസഫി പരീക്ഷയുടെ ആദ്യ സെമസ്റ്റര്‍ ഫലം വന്നപ്പോള്‍ പി.എസ്.സി. ഒന്നാംറാങ്കുകാരന് വിജയിക്കാനായില്ല. രണ്ടാംവട്ടവും പരീക്ഷയെഴുതിയ ശിവരഞ്ജിത്ത് തോറ്റു. പി.എസ്.സി. പോലീസ് റാങ്ക് പട്ടികയിലെ 28-ാം റാങ്കുകാരനും ഇതേപോലെ രണ്ടുവട്ടവും ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റു.

കഴിഞ്ഞ വര്‍ഷം നടന്ന ലോജിക് എഴുത്തുപരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത് വട്ടപ്പൂജ്യം. സാറന്മാരുടെ ഇന്റേണല്‍ മാര്‍ക്ക് കൂടി പരിഗണിച്ചാല്‍, നൂറിന് 6 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത്ത് ‘നിലവാരം’ നിലനിര്‍ത്തിയത്.

രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ നസീമിന് വട്ടപ്പൂജ്യം കിട്ടിയത് വിഷയങ്ങള്‍ ഫിലോസഫി ഓഫ് വേദാന്ത, മോഡേണ്‍ ഫിലോസഫി എന്നിവയാണ്. മൂന്നാം സെമസ്റ്റിലും ഇതുപോലെ സംപൂജ്യനായത് മോഡേണ്‍ ഇന്ത്യന്‍തോട്ട്, ഫിലോസഫി ഓഫ് സയന്‍സ് എന്നിവയ്ക്കാണ്.

ഇതുകൂടാതെ യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ തിരിമറികളിലേക്കും വിരല്‍ചൂണ്ടുന്നതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ സൂചിപ്പിക്കുന്നത്. പരീക്ഷകളില്‍ പുറത്തുനിന്ന് എത്തിക്കുന്ന ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്ത് ഹാജരാക്കിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

വീട്ടില്‍നിന്നും കണ്ടെടുത്ത ഉത്തരക്കടലാസിലേയും അതേസമയം യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയ ഉത്തരക്കടലാസിലേയും ‘കൈയക്ഷരം’ പരിശോധിച്ചാല്‍ ഈ തട്ടിപ്പ് പുറത്തുവരും.

വീട്ടില്‍നിന്നും കണ്ടെടുത്ത ഉത്തരക്കടലാസില്‍ സിനിമാപ്പാട്ടുകളും പ്രണയലേഖനവുമാണ് ശിവരഞ്ജിത്ത് എഴുതിയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പരീക്ഷാസമയത്ത് വെറുതെയിരിക്കുന്നൂവെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനാണ് ശിവരഞ്ജിത്ത് അറിയാവുന്ന കാര്യങ്ങള്‍ പേപ്പറില്‍ പകര്‍ത്തിവച്ചതെന്നാണ് നിഗമനം.

ഇത്തരത്തില്‍ പുറത്തുവരുന്ന ഓരോ വിവരവും ഇടതുമുന്നണിക്ക് ദോഷംചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ അന്വേഷണം തേച്ചുമായ്ക്കാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. എന്നാല്‍ പി.എസ്.സി- സര്‍വകലാശാല തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനായാല്‍ ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കാനാകുമെന്ന വിലയിരുത്തലില്‍ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷവും. എങ്കിലും ഈ വിഷയത്തിലെ പോലീസ് അന്വേഷണം എത്രകണ്ട് മുന്നോട്ടുപോകുമെന്ന് കണ്ടുതന്നെയറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here