തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി 10, 12 ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

സ്കൂളുകളുടെ പ്രവർത്തനം മെല്ലെ പുനരാരഭിക്കുന്നതിന് തുടക്കം കുറിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 10, 12 ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം 17 മുതൽ സ്കൂളുകളിൽ എത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതു പരീക്ഷ നടക്കുന്ന ക്ലാസുകൾ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ഈ ക്ലാസുകളിലെ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകണമെന്നും നിർദ്ദേശമുണ്ട്. ജനുവരി പകുതിയോടു കൂടി അപ്പോഴത്തെ കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് ഈ ക്ലാസുകളിലെ കുട്ടികളുടെ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ജനുവരി 15ന് പത്താം ക്ലാസിന്റെയും 30ന് 12 ക്ലാസിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കും. തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ അധികരിച്ച് റിവിഷൻ ക്ലാസുകളും നടത്തും. കൈറ്റും എസ്‍സിഇആർടിയും നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കാനും തീരുമാനിച്ചു. ഡിജിറ്റൽ ക്ലാസുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷക്ക് തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here