എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കി

0

തിരുവനന്തപുരം: സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.  നിയമം അടുത്ത അധ്യയന വര്‍ഷം തന്നെ നിലവില്‍ വരും.മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. നിയമത്തില്‍ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. വൈകിട്ട് ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കി. ഹയര്‍ സെക്കണ്ടറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പത്താം തരെ വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ലെന്ന നിയമം നിര്‍ദേശിക്കുന്നു.
സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എന്‍ഒസി റദ്ദാക്കും. കേരള വിദ്യാഭ്യാസ നിയമ പ്രകാരം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരിക്കും. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here