തിരുവനന്തപുരം | പരിഷ്‌കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള നാലു വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്സിന്റെ ഘടന. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്സിലൂടെ അവസരമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.
കോഴ്‌സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.
രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Kerala to begin four year degree courses next year