തലയെണ്ണം പെരുപ്പിച്ചുകാണിക്കുന്നത് തടയാന്‍ നിയമ ഭേദഗതി, എയ്ഡഡ് അധ്യാപക സ്ഥിരം നിയമനത്തിനു മുന്‍കൂര്‍ അനുമതി വേണം

തിരുവനന്തപുരം | കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് തടയിട്ടു സര്‍ക്കാര്‍. ഇതു തടയാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ടും അധ്യാപക ഒഴിവുകളില്‍ സ്ഥിര നിയമനം നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടും കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്‍) സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

പലപ്പോഴായി വിവിധ ഉത്തരവുകളിലൂടെ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. ചട്ടഭേദഗതി വന്നതോടെ അധ്യാപക നിയമനം സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് നിയമപ്രാബല്യം കൈവന്നു.

അധിക അധ്യാപക തസ്തിക അനുവദിക്കും മുമ്പ് വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ എണ്ണം യു.ഐ.ഡി. നോക്കി പരിശോധിക്കും. ഇതിന്മേല്‍ സൂപ്പര്‍ ചെക്ക് ഓഫീസറും നേരിട്ട് പരിശോധിക്കും. തസ്തിക ആവശ്യമെന്നു കണ്ടാല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ജൂലായ് 15 നുമുമ്പ് ശുപാര്‍ശ നല്‍കും. ഡയറക്ടര്‍ ഓഗസ്റ്റ് 31 നുമുമ്പ് ശുപാര്‍ശ സര്‍ക്കാരിന് നല്‍കണം. സെപ്റ്റംബര്‍ 30 നകം തസ്തിക സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഒക്ടോബര്‍ ഒന്നിനുമുമ്പ് നിയമനം നടത്തണമെന്ന സമയപരിധിയും ചട്ടങ്ങളിലുണ്ട്.

അധിക തസ്തിക അനുവദിക്കുന്നതോ നിലവിലെ തസ്തിക നിലനിര്‍ത്തുന്നതോ കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചാണെന്നു ബോധ്യപ്പെട്ടാല്‍ കാരണക്കാരായ മാനേജര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹെഡ് മാസ്റ്റര്‍/വൈസ് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കെതിരേ നടപടിയുണ്ടാകും. സര്‍ക്കാരിന് ഇതുമൂലമുണ്ടായ സാമ്പത്തികനഷ്ടം ഇവരില്‍നിന്ന് തിരിച്ചുപിടിക്കും

ജൂലായ് 15 കണക്കാക്കിയാണ് ഒഴിവുള്ള തസ്തികകള്‍ കണക്കാക്കുക. അധികക്ലാസ്, അധികതസ്തിക എന്നിവ അനുവദിക്കുന്നത് ഒക്ടോബര്‍ ഒന്ന് കണക്കാക്കിയായിരിക്കും. കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍നിന്നുള്ള യു.ഐ.ഡി. വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. അധ്യാപക നിയമനം, തസ്തിക സംബന്ധിച്ച വിവരം, നിയമനാംഗീകാരം എന്നിവ വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോര്‍ട്ടല്‍ വഴിയായിരിക്കും. കുട്ടികളുടെ എണ്ണം കണക്കാക്കാന്‍ ആറാം പ്രവൃത്തി ദിവസത്തെ ഹാജര്‍ അടിസ്ഥാനമാക്കും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 1:35 ആണ്. ക്ലാസ് തുടങ്ങി കാരണം കാണിക്കാതെ അടുപ്പിച്ച് 15 ദിവസം വരാത്ത കുട്ടികളുടെ കാര്യം പ്രാദേശിക അധികൃതരുമായി സംസാരിച്ച് തീര്‍പ്പാക്കണമെന്നും ചട്ടം നിര്‍ദേശിക്കുന്നു.

Kerala government tightens the conditions in Kerala Education Act (KER) to prevent the creation of teaching posts by inflating the number of students. As per the amendment prior approval is require for permenant appointment in aided teacher vacancies.

LEAVE A REPLY

Please enter your comment!
Please enter your name here