കൊച്ചി: കേരള അഡ്മിനിട്രേറ്റീവ് സര്‍വീസില്‍ സര്‍ക്കാരിന്റെ സംവരണ നയം ഹൈക്കോടതി ശരിവെച്ചു. തസ്തികമാറ്റം വഴിയുള്ള നിയമനങ്ങളിലും സംവരണം ബാധകമാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഒരു കൂട്ടം ഹര്‍ജികള്‍ ഡിവിഷന് ബഞ്ച് തള്ളി. തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തി സര്‍വീസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത നായര്‍ സമാജവും ഏതാനും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് തള്ളിയത്. സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടന്ന് കോടതി വ്യക്തമാക്കി.
കെ.എ.എസിലെ മൂന്നു സ്ട്രീമുകളില്‍ നേരിട്ടു നിയമനം ലഭിക്കുന്ന സ്ട്രീം ഒന്നിന് മാത്രം സംവരണം ബാധകമാക്കി സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കി. എന്നാല്‍ പട്ടിക ജാതി/വര്‍ഗ, ഒബിസി കമ്മിഷനുകളുടെ ശുപാര്‍ശ പ്രകാരം തസ്തികമാറ്റം വഴിയുള്ള സ്ട്രീം രണ്ടിലും മൂന്നിലും നേരിട്ടുള്ള നിയമനമാക്കി ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു.
ഒരിക്കല്‍ നിയമനം നേടിയവര്‍ക്ക് രണ്ടാമതും സംവരണാനുകൂല്യം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍വ്വീസ് ചട്ടങ്ങളില്‍ പൊതുതാല്‍പ്പര്യം നിലനില്‍ക്കില്ലന്നു കണ്ടാണ് സമസ്ത നായര്‍ സമാജത്തിന്റെ ഹര്‍ജി കോടതി തള്ളിയത്. പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇവരുടെ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.