ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍/അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തില്‍ ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിട്ടി (ജോസ) നടത്തുന്ന അലോട്ട്‌മെന്റ് നടപടികള്‍ josaa.nic.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജെ.ഇ.ഇ മെയിന്‍ അടിസ്ഥാനമാക്കിയുള്ള ബി.ഇ/ ബി.ടെക്, ബി.ആര്‍ക്, ബി പ്ലാനിംഗ് റാങ്ക് പട്ടികകള്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്. 52,455 സീറ്റുകളാണ് അലോട്ട്‌മെന്റ് പ്രക്രിയയിലുളളത്. വനിതകള്‍ക്കായി നീക്കി വച്ചിട്ടുള്ള സീറ്റുകള്‍ ഉള്‍പ്പെടെ 20,755 എണ്ണമാണ് ഓപ്പന്‍ സീറ്റുകള്‍. പാലക്കാട് ഐ.ഐ.ടി, കോഴിക്കോട് എന്‍.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി എന്നിവയാണ് ജോസ വഴി അഡ്മിഷന്‍ ലഭിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.

സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നിങ്ങനെ നാലു ബ്രാഞ്ചുകളിലായി 169 സീറ്റുകള്‍ പാലക്കാട് ഐ.ഐ.ടിയിലുണ്ട്. ഓപ്പണ്‍ സീറ്റുകള്‍ 64. കോഴിക്കോട് എന്‍.ഐ.ടിയിലെ 1185 ബി.ടെക് സീറ്റുകളില്‍ 457 എണ്ണമാണ് ഓപ്പണ്‍ ക്വാട്ട. ഇതില്‍ 228 ഓപ്പണ്‍ സീറ്റുകള്‍ ഹോം സ്‌റ്റേറ്റ് ക്വാട്ടയാണ്. 59 ബി ആര്‍ക് സീറ്റുകളുള്ളതില്‍ ഓപ്പന്‍ വിഭാഗത്തില്‍ വരുന്നത് 11.

കോട്ടയം ഐ.ഐ.ഐ.ടിയിലെ മൂന്നു ബ്രാഞ്ചുകളില്‍ പെടുന്ന 300 സീറ്റുകളില്‍ 135 എണ്ണമാണ് ഓപ്പണ്‍ ക്വാട്ടയില്‍പ്പെടുന്നത്. സൈബര്‍ സെക്യുരിറ്റി സ്‌പെഷ്യലൈസേഷനോടു കൂടിയ കമ്പ്യുട്ടര്‍ എഞ്ചിനിയറിംഗ് ബ്രാഞ്ച് പുതുതായി ആരംഭിക്കുന്നുണ്ട്.

31 എന്‍.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഷിബ്പുര്‍), 26 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി), 33 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍ തുടങ്ങിയവ ഈ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നു.

ബി.ആര്‍ക് പ്രവേശനം ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ 2 എ റാങ്ക് പരിഗണിച്ചും ബി പ്ലാനിംഗ് പ്രവേശനം പേപ്പര്‍ 2 ബി റാങ്ക് പരിഗണിച്ചും മറ്റുള്ള പ്രോഗ്രാമുകളിലെ പ്രവേശനം പേപ്പര്‍ 1 റാങ്ക് പരിഗണിച്ചുമാണ് നടത്തുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റില്‍ 23 ഐ.ഐ.ടികള്‍ ഉള്‍പ്പെടുന്നു.

ഓരോ സംസ്ഥാനത്തെയും എന്‍.ഐ.ടിയില്‍ 50 ശതമാനം സീറ്റ് ആ സംസ്ഥാനത്ത് യോഗ്യതാപരീക്ഷ എഴുതിയവര്‍ക്കു മാറ്റിവച്ചിട്ടുണ്ട്. ബാക്കി 50 ശതമാനം സീറ്റുകള്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here