യു.ജി.സി പിരിച്ചുവിടും, പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍

0

ഡല്‍ഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി) പിരിച്ചുവിടാനൊരുങ്ങി കേന്ദ്രം. പകരമായി ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്ന ‘ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ആക്ട് 2018’ നിയമത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

അക്കാദമിക കാര്യങ്ങളില്‍ മാത്രമായിരിക്കും കമ്മിഷന്‍ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങള്‍ മാനവ വിഭവ ശേഷി മന്ത്രാലയം നേരിട്ട് നിയന്ത്രിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദേശങ്ങളുണ്ടെങ്കില്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിനു മുന്‍പായി അറിയിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

വ്യാജ സ്ഥാപനങ്ങള്‍, നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ തുടങ്ങിയവ പൂട്ടിക്കാനുള്ള അധികാരം കമ്മിഷനുണ്ടായിരിക്കും. ഉത്തരവ് ലംഘിക്കുന്നത് ജയില്‍ ശിക്ഷ, പിഴശിക്ഷ എന്നിവയ്ക്ക് കാരണമാവും. നിലവില്‍ വ്യാജ സ്ഥാപനങ്ങളുടെ പേരുകള്‍ യു.ജി.സി വെബ്‌സൈറ്റുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നടപടിയും എടുക്കാന്‍ സാധിക്കില്ല.

പുതിയ ആക്ട് മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റില്‍ വയ്ക്കും. സാങ്കേതിക വിദ്യാഭ്യാസം, ടീച്ചേര്‍സ് ട്രെയിനിങ്, യു.ജി.സി എന്നിവയ്ക്ക് ഒരൊറ്റ നിയന്ത്രണ കമ്മിഷന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

നിലാവരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനൊപ്പം, നല്ല സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും കമ്മിഷനു ചെയ്യാനാവും. ഫണ്ട് അനുവദിക്കുന്നതു പോലുള്ള കാര്യങ്ങളില്‍ നിന്ന് മാറി, അക്കാദമിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കമ്മിഷനെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here