ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രവര്‍ത്തനവും വലിയിരുത്താന്‍ സംവിധാനം ഒരുങ്ങുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നാഷനല്‍ പ്രഫഷനല്‍ സ്റ്റാന്‍ഡേഡ് ഫോര്‍ ടീച്ചേഴ്‌സ് എന്ന മാര്‍ഗരേഖയുടെ കരട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ തയാറാക്കി.

അധ്യാപകരുെട ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും സേവനക്കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്നുമാണു കടരു മാര്‍ഗരേഖയിലെ ശിപാര്‍ശ. അധ്യാപക കരിയറില്‍ ഇനി ബിഗിനര്‍, പ്രൊഫിഷ്യന്റ്, എക്‌സ്പര്‍ട്ട്, ലീഡ് എന്നിങ്ങനെ നാലു തലങ്ങളുണ്ടാകും. ബിഗ്നര്‍ ആയാകും നിയമനം.

മൂന്നു വര്‍ഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. തുടര്‍ന്ന് ഇതേ രീതിയില്‍ വീണ്ടും മൂന്നു വര്‍ഷത്തിനുശേഷം എക്സ്പര്‍ട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തന വിലയിരുത്തലിന്റേയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റേയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്സ്പര്‍ട്ട് ടീച്ചറായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.

പ്രവര്‍ത്തന വിലയിരുത്തലിനും സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവര്‍ത്തിക്കുക എന്‍സിടിഇ ആയിരിക്കും. ഇതിന് ഓണ്‍ലൈനായും ഓഫ്ലൈനായും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും.

പ്രഫഷനല്‍ നിലവാര മാനദണ്ഡങ്ങള്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും വിലയിരുത്തി പരിഷ്‌കരിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here