കണ്ണൂർ മോഡൽ കുസാറ്റിലും … പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു നൽകിയത് 20ൽ 19 മാർക്ക്, പട്ടികയിൽ ഒന്നാമതെത്തി

തിരുവനന്തപുരം | വിവാദങ്ങൾ പുകയുന്ന ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്ന് ഒരു സ്വജന പക്ഷപാതത്തിന്റെ ആരോപണം കൂടി തെളിവു സഹിതം പുറത്തു വരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) പ്രൊഫസർ നിയമനത്തിനു നടത്തിയ ഇന്റർവ്യൂവിൽ എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു നൽകിയത് 20ൽ 19 മാർക്ക്.

എംജി സർവകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാർ നൽകിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റാണ് ഭാര്യ ഡോ. ഉഷ ഹാജരാക്കിയിട്ടുള്ളത്. ഇന്റർവ്യൂവിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഡോ. ഉഷ റാങ്ക് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. പിഎസ്‌സി അഭിമുഖങ്ങൾക്ക് പരമാവധി 14 മാർക്കേ (70%) നൽകാറുള്ളൂ. ഈ വ്യവസ്ഥയാണ് സർവകലാശാലകളും പിന്തുടരാറുള്ളത് എന്നിരിക്കെയാണ് 95% മാർക്ക് നൽകിയത്.

കണ്ണൂർ സർവകലാശാലയിൽ ഉയർന്ന റിസർച് സ്കോർ ലഭിച്ചയാളെ പിന്തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകാൻ സ്വീകരിച്ച അതേ നടപടിയാണ് ഇവിടെയും കൈക്കൊണ്ടതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.
കൂടുതൽ അക്കാദമി യോഗ്യതയുള്ള ഡോ: സോണി.സി. ജോർജിന് 5 മാർക്കാണ് ഇന്റർവ്യു ബോർഡ് നൽകിയത്. കുസാറ്റിലെതന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസ്സർ ഡോ:വി. ശിവാനന്ദൻ ആചാരിയും പിൻതള്ള പ്പെട്ടവരിൽപെടുന്നു.

നിരവധി ഗവേഷണ പ്രവർത്തനങ്ങളും അധ്യാപന പരിചയവും അക്കാഡമിക് യോഗ്യതയുള്ളവരെ പിന്തള്ളി ഇന്റർവ്യൂവിന് 20ന് 19 മാർക്ക് ഡോ: ഉഷയ്ക്ക് നൽകിയാണ് ഒന്നാം റാങ്കിൽ എത്തിച്ചത്. ഭർത്താവായ പിവിസി ഡോ: സി.ടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മുഴുവൻ മാർക്കും ഈ ഇനത്തിൽ ഇൻറർവ്യൂവിന് ഉഷയ്ക്ക് നേടാനായി. കുസാറ്റ് വൈസ് ചാൻസലർ ഡോ: കെ.എൻ.മധുസൂദനൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഡോ:ഉഷയ്ക്ക് ഒന്നാം റാങ്ക് നൽകിയത്.

അതേസമയം ഡോ.കെ.ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നു കുസാറ്റ്. 2010 ലെ യുജിസി ചട്ടങ്ങൾ കർശനമായി പാലിച്ചാണു നിയമനമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാണു സിലക്‌ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നും കുസാറ്റ് അറിയിച്ചു.

Cusat professor posting in controversy

LEAVE A REPLY

Please enter your comment!
Please enter your name here