നിയന്ത്രണങ്ങള്‍ നീക്കി, കോളജുകള്‍ ഒക്‌ടോബറില്‍ തുറന്നു തുടങ്ങും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു. സംസ്ഥാനത്തു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി തുടങ്ങി. ഒക്‌ടോബല്‍ നാലു മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസ മുള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തര സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കോളജിലെത്തുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബയോ ബബിള്‍ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കാമ്പസ് വിട്ടുപോകാതെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here