എഞ്ചിനിയറിംഗിനും മെഡിസിനും ഡിഗ്രി കോഴ്‌സുകള്‍ക്കും ഒറ്റ പൊതുപ്രവേശന പരീക്ഷ വരുന്നു

ന്യൂഡല്‍ഹി | മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബിരുദ പ്രവേശനങ്ങള്‍ക്കു ഒറ്റ പൊതുപരീക്ഷ വരുന്നു. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആര്‍ട്സ്, സയന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കാനാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യു.ജി.സി.) തീരുമാനം.

മൂന്ന് പ്രവേശനപരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നി നാലുവിഷയങ്ങളില്‍ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാമെന്ന് യു.ജി.സി. അധ്യക്ഷന്‍ എം. ജഗദീഷ്‌കുമാര്‍ പറഞ്ഞു. പ്രതിവര്‍ഷം 50 ലക്ഷം വിദ്യാര്‍ഥികള്‍ ഈ മൂന്നുപരീക്ഷയില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ ഭാഗമാകുന്നുണ്ട്. സി.യു.ഇ.ടി.യിലെ 61 വിഷയങ്ങളില്‍പ്പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ ഐച്ഛികവിഷങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും.

അതിനാല്‍ നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ക്കു പകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി.യുടെ വിലയിരുത്തല്‍. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് എന്‍ജിനിയറിങ് തിരഞ്ഞെടുക്കാന്‍ കഴിയും. സയന്‍സ് വിഷയങ്ങളിലാണ് മാര്‍ക്ക് കൂടുതലെങ്കില്‍ മെഡിക്കലും മറ്റുള്ളവര്‍ക്ക് ബിരുദകോഴ്സുകളും തിരഞ്ഞെടുക്കാം. വര്‍ഷം രണ്ടുതവണ പരീക്ഷനടത്തും. ആദ്യഘട്ടം ബോര്‍ഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും. തുടര്‍നടപടികള്‍ക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here