ഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സുകളിലേക്ക് പ്രവേശനത്തില്‍ കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം വരുന്നു. 2020-21 അധ്യായന വര്‍ഷത്തില്‍ രണ്ട് കോഴ്‌സുസളിലേക്കും കേന്ദ്ര പുളില്‍നിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡത്തില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന ഒരു വിഭാഗം കൂടി ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

കോവിഡ് പോരാളികളുടെ ആശ്രിതരെന്ന പുതിയ വിഭാഗത്തിനായി കേന്ദ്ര പൂളില്‍ നിന്നുള്ള അഞ്ച് സീറ്റുകള്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലം പുറത്തിയക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കോവിഡ് രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിനാണ് പുതിയ തീരുമാനം. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും കേന്ദ്ര പുളിലുള്ള എം.ബി.ബി.എസ്. സീറ്റുകള്‍ മാറ്റിവയ്ക്കുക.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വോളന്റിയര്‍മാര്‍, കരാര്‍ അടിസ്ഥാനത്തില്‍ ഉള്ളതോ, ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നതോ, താല്‍ക്കാലിക അടിസ്ഥാനത്തിലോ ഉള്ള സംസ്ഥാന കേന്ദ്ര ആശുപത്രി ജീവനക്കാര്‍, സ്വയംഭരണാധികാരമുള്ള ആശുപത്രി ജീവനക്കര്‍, കേന്ദ്ര ഭരണപ്രദേശങ്ങളിലെയോ എയിംസിലെയൊ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച ജീവനക്കാര്‍ എന്നിവരെയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയാകും യോഗ്യരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here