സാങ്കേതിക സർവകലാശാല വി.സി. നിയമനം സുപ്രീം കോടതി റദ്ദാക്കി, ഡോ. രാജശ്രീയെ നിയമിച്ചത് 2019 ഫെബ്രുവരിയിൽ

ന്യൂഡല്‍ഹി | എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.

ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത് 2019 ഫെബ്രുവരി രണ്ടിനാണ്. ഇത് യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി ഡോ. ശ്രീജിത്ത് പി. എസ്. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയതെന്ന് ഹർജിക്കാരൻ വാദിച്ചു. യുജിസി ചെയർമാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് പാനൽ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.


abdul kalam technological university dr rajshree vc Posting quashed by Supreme Court

LEAVE A REPLY

Please enter your comment!
Please enter your name here