എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം തുടങ്ങി; ഫലപ്രഖ്യാപനം മാസാവസാനം

0

sslc-valuation 1തിരുവനന്തപുരം: സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി എസ്.എസ്.എല്‍.സി. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങി. ആദ്യദിനം പല ക്യാമ്പുകളിലും അധ്യാപകരുടെ പ്രതിഷേധവും അരങ്ങേറി. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.

തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍, മാവേലിക്കര, കോട്ടയം സി.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളാണ് പ്രതിഷേധത്തിന് വേദിയായത്. 11,059 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്നത്. റിസര്‍വായി ആയിരം പേരുടെ പട്ടികയുമുണ്ട്. മലയാളത്തിനാണ് കൂടുതല്‍ അധ്യാപകരുള്ളത്; 343 പേര്‍.

മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാവരും എത്തിയതോടെ റിസര്‍വ് അധ്യാപകര്‍ പുറത്തായി. ദൂരെനിന്നുള്ള പലരും ക്യാമ്പുകളിലെത്തിയപ്പോഴാണ് ജോലിയില്ലെന്ന് അറിയുന്നത്. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ 310 അധ്യാപകരെയാണു മൂല്യനിര്‍ണയത്തിന് ചുമതലപ്പെടുത്തിയിരുന്നത്. 140 പേരെ റിസര്‍വായി നിയോഗിച്ചിരുന്നു. 20 പേര്‍ എത്താത്തതിനെത്തുടര്‍ന്ന് റിസര്‍വ് പട്ടികയില്‍നിന്ന് അത്രയും പേരെ നിയോഗിച്ചു. ഇവര്‍ ജൂനിയര്‍ അധ്യാപകരാണെന്നും സീനിയറായ തങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെന്നും ആരോപിച്ച് അധ്യാപകര്‍ ബഹളം വച്ചു. നൂറോളം അധ്യാപകരാണ് മാവേലിക്കര സ്‌കൂളില്‍ പുറത്തുനില്‍ക്കേണ്ടിവന്നത്. പ്രതിഷേധിച്ച അധ്യാപകര്‍ക്ക് യാത്രാബത്ത അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

മൂല്യനിര്‍ണയത്തിനായി അധ്യാപകരെ നിയമിക്കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്ന് പരീക്ഷാ സെക്രട്ടറി കെ.ഐ. ലാല്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഒരുമണിക്കൂറില്‍ക്കൂടുതല്‍ വൈകിയെത്തിയ അധ്യാപകരെയാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here