ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകള്‍ നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ ആരംഭിക്കും. മേജര്‍ വിഷയങ്ങളാണ് അന്നാരംഭിക്കുക. പത്താം ക്ലാസ് മൈനര്‍ വിഷയങ്ങളിലെ പരീക്ഷകള്‍ നവംബര്‍ 17നും 12-ാം ക്ലാസിന്റേത് 16നും ആരംഭിക്കും.

90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകള്‍ രാവിലെ 11.30ന് ആരംഭിക്കും. സാധാരണ സി.ബി.എസ്.ഇ പരീക്ഷകള്‍ 10.30നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നല്‍കുന്ന 15 മിനിട്ട് സമയം ഇക്കുറി 20 മിനിട്ടായി ഉയര്‍ത്തി.

എളുപ്പത്തിനുവേണ്ടി മേജര്‍, മൈനര്‍ വിഷയങ്ങളായി തരം തിരിച്ചാകും പരീക്ഷ ആദ്യ ടേം പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദി, കണക്ക്, സയന്‍സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ മേജര്‍ വിഭാഗത്തിലും തമിഴ് മലയാളം തുടങ്ങിയവ മൈനര്‍ വിഭാഗങ്ങളിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

മേജര്‍ വിഷയങ്ങളിലെ പരീക്ഷ അതതു സ്‌കൂളുകളില്‍ നടക്കും. മൈനര്‍ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളെ ചേര്‍ത്ത് ഒരു സ്‌കൂളില്‍ വിവിധ പരീക്ഷകള്‍ ഒരു ദിവസം ക്രമീകരിക്കാനാണ് തീരുമാനം. 36 ലക്ഷം കുട്ടികളാണ് രണ്ടു ക്ലാസുകളിലുമായി പരീക്ഷയ്ക്കു തയാറെടുക്കുന്നത്. പരീക്ഷാ സെന്ററുകളുടെ എണ്ണം ഏഴായിരത്തില്‍ നിന്നു 14,000 മായി ഉയര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here