പുതിയ സര്‍ക്കാര്‍ പ്രതിനിധികളുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം യെമനിലെ ഏഡന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത സ്‌ഫോടനം. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇറങ്ങിവരുന്നതിനിടെയാണ് വിമാനത്താവളത്തിനുള്ളില്‍ സ്‌ഫോടനം നടന്നത്. ഇന്നലെയാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യെമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരില്‍ നിരവധി പത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്.

ദുബായ് ആസ്ഥാനമായുള്ള ചാനല്‍ അല്‍ ഹദത്ത് ടിവിയാണ് സ്‌ഫോടന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വിമാനത്തില്‍നിന്നും സമാധാനപരമായി ആളുകള്‍ ഇറങ്ങുന്നതിനിടെ കനത്ത സ്‌ഫോടനശബ്ദം കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. കനത്ത പുകയും തീയും പടരുന്നതും മിനിട്ടുകള്‍ക്കകം വെടിവെയ്പ് ശബ്ദവും ഉയരുന്നുണ്ട്. എന്നാല്‍ ആളുകളെ സുരക്ഷിതമായി മാറ്റുന്നതിന് യെമന്‍ സൈനികരാണ് ആകാശത്തേക്ക് വെടിവച്ചതെന്ന് പിന്നേടു വ്യക്തമാക്കി.

പ്രധാനമന്ത്രി മെയ്ന്‍ അബ്ദുല്‍മാലിക്ക്, കാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന വിമാനം ലാന്‍ഡുചെയ്ത് നിമിഷങ്ങള്‍ക്കകമാണ് സ്‌ഫോടനം നടന്നത്. മന്ത്രിസഭയിലെ ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ല. അവരെ നഗരത്തിലെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് ഉടന്‍തന്നെ സൈന്യം മാറ്റി.

അബ്ദുല്‍മാലിക്കിന്റെ നേതൃത്വത്തില്‍ യെമന്റെ പുതിയ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര യുദ്ധം നടക്കുന്ന യെമനില്‍ താല്‍ക്കാലിക തലസ്ഥാനമായ ഏദന് പകരം സൗദി തലസ്ഥാനമായ റിയാദിലാണ് കാബിനറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇവര്‍ യെമനില്‍ തിരിച്ചെത്തിയ വേളയിലാണ് സ്‌ഫോടനം. ഏദന്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ അമേരിക്കയും സൗദിയും അപലപിച്ചു. യെമന്‍ ജനതയ്ക്ക് മെച്ചപ്പെട്ട ഭാവിക്കായി നിയമാനുസൃതമായ യെമന്‍ സര്‍ക്കാരിനുള്ള പിന്തുണയും ഇരുരാജ്യങ്ങളും അറിയിച്ചു.

ഹൂത്തി മിലിഷ്യയാണ് ആക്രമണം നടത്തിയതെന്ന് യെമന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 3 മിസൈലുകള്‍ പ്രയോഗിച്ചതായി സൈന്യം പറയുന്നു. അതേസമയം ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ‘ഹൂത്തി മിലിഷ്യ’യെ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തണമെന്ന് യെമന്‍ വാര്‍ത്താവിനിമയ മന്ത്രി മുഅമ്മര്‍ അല്‍ എറിയാനി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here