കനത്ത നാശം വിതച്ച് തിത്‌ലി കരതൊട്ടു

0

വിജയവാഡ: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത നാശം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ്. എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 165 കിലോമീറ്ററില്‍ വീശുന്ന തിത്‌ലി കാറ്റ് വ്യാഴാഴ്ച രാവിലെയാണ് ആന്ധ്രയിലെ ശ്രീകാകുളത്ത് എത്തിയത്. കനത്ത നാശനഷ്ടം വിതച്ചാണ് തിത്‌ലി ചുഴലിക്കാറ്റ് കടന്നു പോകുന്നത്. നൂറുകണക്കിന് വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ നിലംപതിച്ചു. റോഡ് ഗതാഗതം താറുമാറായി. ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്‌ലി ചുഴലിക്കാറ്റ് ഭീഷണി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡീഷ തീരത്ത് തീവ്ര മഴയോ അതിതീവ്ര മഴയോ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രണ്ട് സംസ്്ഥാനങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. മരങ്ങള്‍ കടപുഴകുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തു. ആന്ധ്രയില്‍ മാത്രം 6000- 7000 വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി. 4,00,000- 5,00,000 ആളുകള്‍ക്ക് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണെന്ന് ആന്ധ്രയിലെ ശ്രീകാകുളം ജില്ലാ മേധാവി കെ. ധനഞ്ജയ റെഡ്ഡി വ്യക്തമാക്കി.


കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് ഒഡീഷ ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പധി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗത കുറഞ്ഞ് ന്യുനമര്‍ദ്ദമായി രൂപപ്പെടും. അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിത്‌ലി നീങ്ങും.

ആന്ധ്രയില്‍ ശ്രീകാകുളം, വിസൈനഗരം, വിശാഖപട്ടണം ജില്ലകളിലാണ് കനത്ത മഴ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒഡീഷയില്‍ ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗത്സിംഗ്പൂര്‍ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഈസ്റ്റ്‌കോസ്റ്റ് സോണില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ബുധനാഴ്ച ഉച്ച മുതലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുന്നത്. ആന്ധ്രയിലെ പൊതുമേഖലാ ഗതാഗത സംവിധാനമായ എ.പി.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഭുവനേശ്വറില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കി. സംസ്ഥാനത്തെ അഞ്ച് തീരദേശ ജില്ലകളില്‍ നിന്ന് മൂന്ന് ലക്ഷത്തോളം പേരെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്. ആന്ധ്രയിലേക്കും ഒഡീഷയിലേക്കും ബംഗാളിലേക്കും ദുരന്ത നിവാരണ സേനയുടെ ആയിരത്തോളം പേരെ വിന്യസിച്ചിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here