മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ’: കോവിഡിനെതിരെ ബോധവല്‍ക്കരണവരുമായി ‘കാലൻ

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും മാസ്ക്കുകളുടെ ഉപയോഗവും കുറഞ്ഞത് വലിയ രീതിയിൽ കേസുകൾ വർദ്ധിക്കാനിടയാകുന്നുണ്ട്. ഇതിനിടെ ജനങ്ങളിൽ കോവിഡ് അവബോധം സൃഷ്ടിക്കാൻ വ്യത്യസ്ഥമായ വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ മൊറാദബാദിലുള്ള ഒരു കലാകാരൻ. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മരണത്തിന്റെ ദേവനായ യമരാജിന്റെ വേഷവുമായി നഗരത്തിൽ കറങ്ങിയാണ് വ്യത്യസ്ഥമായ ബോധവത്ക്കരണം.

പരമ്പരാഗത രീതിയിൽ കറുത്ത മുണ്ട് ഉടുത്തും, ആടയാഭരണങ്ങൾ ധരിച്ചും ടെലിവിഷനിലെ ഭക്തി സീരിയലുകളിൽ കാണാറുള്ളത് പോലെ ആണ് യമദേവ വേഷം അണിഞ്ഞിരിക്കുന്നത്. കയ്യിൽ ഗദയും ഒപ്പം വാഹനമായ പോത്തും ഉണ്ടായിരുന്നു. ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ചാണ് യമദേവൻ നഗരത്തിലെത്തിയത്. മാസ്ക്ക് ധരിക്കാത്തവരെയും, കൂട്ടമായി നിൽക്കുന്നവരുടെയും അടുത്ത് എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കയ്യിലുള്ള ലൗഡ് സ്പീക്കറിന് പുറത്ത് ഹിന്ദിയിൽ ഒരു സന്ദേശവും എഴുതിയിട്ടുണ്ടായിരുന്നു. “ഭൂമിയിൽ വസിക്കുന്നവരേ, എൻ്റെ ജോലി ഭാരം വർദ്ധിപ്പിക്കാതിരിക്കൂ. മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ” എന്ന് ആയിരുന്നു സന്ദേശം.

“ഇന്ത്യയിൽ കോവിഡ് കേസുകൾ നിരന്തരം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ മാത്രമേ ഇത് നിയന്തിക്കാനാകൂ. മാസക്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും പരമ പ്രധാനമാണ്. നിർഭാഗ്യവശാൽ വലിയ വിഭാഗം ആളുകൾ ഇത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ല. അത്തരക്കാരെ ബോധവത്ക്കരിക്കുകയാണ് ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്” യമദേവ വേഷം ധരിച്ച കലാകാരൻ പറഞ്ഞു.

കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിൽ എടുത്ത് ഉത്തർ പ്രദേശിന്റെ പല മേഖലയിലും നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി കടുപ്പിച്ചിട്ടുണ്ട്. നോയിഡ, അലഹബാദ്, മീററ്റ്,ഗാസിയാബാദ് എന്നീ നഗരങ്ങളിൽ രാത്രി കാല കർഫ്യൂ ഏപ്രിൽ 8 മുതൽ നടപ്പാക്കിയിരുന്നു. അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് 1.5 ലക്ഷത്തോളം ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചെന്ന് രേഖകൾ പറയുന്നു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷമായി ഉയർന്നു. തുടർച്ചയായി 4ാമത്തെ ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകുന്നത്. നാല് ദിവസത്തിനിടെ 6.16 ലക്ഷം ജനങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3335 പേർ മരണപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രിയലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത്. ഞായറാഴ്ച്ചകളിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ച മഹാരാഷ്ട്രിയൽ 58,993 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കേസുകൾ വർദ്ധിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ഡൽഹിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ക്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here