ബിബിസിക്ക്​ വിലക്കേർപ്പെടുത്തി ചൈന

ബെയ്‌ജിങ്: വിവാദപരമായ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപിച്ച് അന്താരാഷ്‌ട്ര വാർത്ത ചാനലായ ബിബിസി വേൾഡിന് ചൈനയിൽ വിലക്ക്. ചൈനീസ് ബ്രോഡ്‌കാസ്‌റ്റിങ് ലിമിറ്റഡാണ് വിലക്കേർപ്പെടുത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ചാനൽ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന് വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അധികൃതർ വ്യക്തമാക്കുന്നു. ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കില്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് ദേശീയ റേഡിയോ – ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ (എൻ‌ആർ‌ടി‌എ) പറഞ്ഞു. വാർത്തകൾ സത്യസന്ധവും നീതിയുക്തവുമാകണം. രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതാകരുത് ചാനലുകളെന്നും ചൈനീസ് അധികൃതർ പറഞ്ഞു.

ചൈനീസ് സർക്കാരിൻ്റെ തീരുമാനത്തിൽ നിരാശയുണ്ടെന്ന് ബിബിസി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ അന്താരാഷ്ട്ര വാർത്ത ചാനലാണ് ബിബിസി. ലോകത്ത് നടക്കുന്ന സംഭവങ്ങളെ നിഷ്‌പക്ഷമായിട്ടാണ് ചാനൽ സമീപിക്കുന്നത്. ഭയമോ ആശങ്കയോ ഇല്ലാതെയാണ് വാർത്തകൾ പുറത്ത് വിടുന്നതെന്നും ബിബിസി വക്താവ് പറഞ്ഞു.

രാജ്യത്തിൻ്റെ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ചൈനീസ് ബ്രോഡ്കാസ്‌റ്റിങ് ഏജൻസിയായ സിജിടിഎൻ നെറ്റ്വർക്കിന്‍റെ ലൈസൻസ് ദിവസങ്ങൾക്ക് മുൻപ് ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിക്ക് ചൈനയുടെ വിലക്കുണ്ടായതെന്നത് ശ്രദ്ധേയമാണ്.

ചൈനീസ് ക്യാമ്പുകളിൽ ഉയിഗർ മുസ്ലീം വിഭാഗത്തിലുള്ള സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പരമ്പര ഫെബ്രുവരി 3ന് ബിബിസി സംപ്രേഷണം ചെയ്‌തിരുന്നു. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ ഉയിഗർ മുസ്ലീം വിഭാഗത്തിലുള്ള സ്‌ത്രീകളെ തടവിൽ പാർപ്പിച്ച് പോലീസും ഗാർഡുകളും പീഡിപ്പിക്കുന്നുവെന്നായിരുന്നു ബിബിസി റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here