ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കോട്ടയം: ഏറ്റുമാനൂരിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ഇവർ. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക പ്രതികരിച്ചു. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.

ഏറ്റുമാനൂർ സീറ്റിൽ മത്സരിപ്പിക്കാത്തതിൽ ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. പിന്നാലെ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ലതിക വ്യക്തമാക്കിയിരുന്നു.

വൺ ഇന്ത്യ വൺ പെൻഷൻ സംഘടന ലതികയ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘അതിജീവനത്തിനായുള്ള പോരാട്ടത്തിൽ നിങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ലതികയ്ക്ക് പിന്തുണയുമായി ഒഐഒപി രംഗത്തെത്തിയത്.

സ്ഥാനാർത്ഥി നിർണ്ണയത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ഉലച്ച സംഭവമായിരുന്നു ലതികയുടെ നീക്കം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നിൽ വെച്ചാണ് അവർ തലമുണ്ഡനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here