വാഴപ്പഴത്തിന് 1.6 ലക്ഷം രൂപ വില; ബില്ല് കണ്ട് അന്തം വിട്ട് യുവതി

വാഴപ്പഴം ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് ഊർജം നൽകുന്ന ഘടകങ്ങളായ പൊട്ടാഷ്യവും മറ്റ് അനവധി പോഷകങ്ങളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. വളരെ തുച്ഛമായ തുകക്ക് ലഭിക്കും എന്നതാണ് പഴത്തിന്റെ പ്രത്യേകത. എന്നാൽ, ലണ്ടനിലെ പഴം വാങ്ങാ൯ പോയ ഒരു യുവതിക്ക് 1,600 പൗണ്ട്, അഥവാ 1.6 ലക്ഷം രൂപയാണ് റിട്ടെയ്ൽ ഷോപ്പുകാര൯ ബില്ലിട്ടിരിക്കുന്നത്.

അതെ, 1.6 ലക്ഷം രൂപ ഒരു കുല പഴത്തിന്റെ ബില്ല്. ലണ്ട൯കാരിയായ സിംബ്രേ ബാണ്‍സ് എന്ന സ്ത്രീക്കാണ് മാർക്സ് ആന്റെ സ്പെ൯സെർ റീട്ടെയ്ൽ ഷോറൂമിൽ നിന്ന് ഭീമമായ സംഖ്യയുടെ ബില്ല് കാണിച്ചത്. പഴത്തിന് സ്റ്റോറിലെ വില കാണിച്ചിരുന്നത് വെറും ഒരു പൗണ്ട് മാത്രമായിരുന്നു.

ബില്ലടക്കാ൯ വേണ്ടി ആപ്പിൾ പേയാണ് സ്ത്രീ തെരഞ്ഞെടുത്തത്. ആപ്പിൾ പേയിൽ എത്ര തുക അടക്കാം എന്നതിന് പരിധിയില്ല. അൽപ്പ സമയം കഴിഞ്ഞതിന് ശേഷമാണ് 28 വയസ്സുകാരിയായ ഈ സ്ത്രീക്ക് 1,602 പൗണ്ട് (1,60,596 രൂപ) ചെലവഴിച്ചു എന്ന നോട്ടിഫിക്കേഷ൯ കിട്ടിയത്.

ജോലിക്കു പോകാ൯ വേണ്ടി തിരിക്കിലായിരുന്ന ബാണ്‍സ് ആപ്പിൾ പേ വഴി പെട്ടെന്ന് ബില്ലടക്കുകയായിരുന്നു. ഇത് കൊണ്ടാണ് കോണ്ടാക്ടലെസ്സ് സെൽഫ് ചെക്കൗട്ട് രീതി അവർ പരീക്ഷിച്ചത്. ഉട൯ തന്നെ പണം അടക്കാ൯ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ തുക ബില്ലായത് കണ്ട് ഞെട്ടിയ സ്ത്രീ അത് കാ൯സൽ ചെയ്യാ൯ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബില്ല് പ്രിന്റായി കഴിഞ്ഞിരുന്നു.

നോട്ടിഫിക്കേഷ൯ വന്ന ഉടനെ ഒരു സ്റ്റോർ സ്റ്റാഫിനെ വിവരമറിയിച്ചെങ്കിലും മറ്റൊരു ഷോറൂമിൽ പോയാലേ റീഫണ്ട് ലഭിക്കുകയുള്ളൂ എന്നായിരുന്നു സ്ത്രീക്ക് ലഭിച്ച മറുപടി. ഷോറൂമിൽ നിന്ന് റീഫണ്ട് നടക്കില്ല എന്നായിരുന്നു അവരുടെ വിശദീകരണം. അതേസമയം, കോണ്ടാക്ട്ലെസ് പെയ്മെന്റ് ഓപ്ഷനെ പറ്റി നല്ല അഭിപ്രായമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നതെന്നും വലിയ ഒരു കണ്ടുപിടുത്തമാണിതെന്നും കമ്പനി വക്താവ് പറഞ്ഞു. ബാണ്‍സ് ഇത്രയും വലിയ തുക നൽകേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്തു നിന്ന് സംഭവിച്ച് അബദ്ധത്തിന് സ്ത്രീയോട് മാപ്പു ചോദിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here