കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത്. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം ടിക്കായത്ത് പറഞ്ഞത്.

കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ളയാണ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നത് കേന്ദ്രമന്ത്രിമാരെ അറിയിച്ചു. മറ്റൊന്നിനെക്കുറിച്ചും ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളെപ്പറ്റി വിശദമായ ചര്‍ച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുവ്ധീര്‍ സിങും പറഞ്ഞു. നിര്‍ദ്ദേശം കര്‍ഷക നേതാക്കള്‍ തള്ളിയിട്ടുണ്ട്. മൂന്ന് നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. അതിനാല്‍ നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി വിശദമായ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. നിയമ ഭേദഗതി എന്നതിലേക്ക് തങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

.അതിനിടെ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അടുത്ത ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.നിയമത്തിലെ ഓരോ വ്യവസ്ഥകളെപ്പറ്റിയും ചര്‍ച്ച നടത്താമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കടുംപിടിത്തത്തിലായിരുന്നു കര്‍ഷക നേതാക്കളെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here