പര്‍ഗ്വാള്‍: ആദ്യമായി ജമ്മുകശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനൊരുങ്ങി പശ്ചിമ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍. കഴിഞ്ഞ വര്‍ഷം വരെ ജമ്മുകശ്മീരിലുള്ള അഭയാര്‍ത്ഥികള്‍ക്ക് പാര്‍ലിമെന്ററി തിരഞ്ഞെടുപ്പില്‍ മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി ജമ്മുകശ്മീരില്‍ താമസിക്കാനുള്ള അവകാശവും വോട്ടവകാശവും ലഭിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്ബ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 73 വയസ്സുള്ള സുരത് സിംഗിനുള്പ്പെടെ ഇത് സ്വപ്ന സാക്ഷാത്കാരമാണ്. അഭയാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ (ഡിഡിസി) തെരഞ്ഞെടുപ്പ് ഈ ശനിയാഴ്ച ആരംഭിക്കും. എട്ടു ഘട്ടങ്ങളായിട്ടായിരിക്കും ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക.
പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവകാശം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി വെസ്റ്റ് പാകിസ്ഥാനി റെഫ്യൂജീസ് ആക്ഷന്‍ കമ്മിറ്റി (ഡബ്ലിയു.പി.ആര്.എ.സി) വൈസ് പ്രസിഡണ്ട് സുഖ്ദേവ് സിംഗ് രംഗത്തു വന്നിരുന്നു. ഇനി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കും.