മതപരമായ പ്രാര്‍ത്ഥനയോടെ പശ്ചാത്തലത്തില്‍ ഹിന്ദു ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗങ്ങള്‍ ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കെതിരേ കേസെടുത്തതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഡോ. നരോട്ടം മിശ്ര. മീരാ നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ വെബ് സീരീസിനെതിരേയാണ് നടപടി.
പരമ്പര ഹിന്ദു വികാരങ്ങളെ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തെന്നാണ് വിശദീകരണം. ക്ഷേത്രത്തിനുള്ളില്‍ തന്നെയാണോ രംഗം ചിത്രീകരിച്ചതെന്ന് പരിശോധിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ബിജെപി നേതാവ് ഗൗരവ് തിവാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ട് കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിവാരിയുടെ പരാതി പ്രകാരം നെറ്റ്ഫ്ലിക്സ് ഉദ്യോഗസ്ഥരായ മോണിക്ക ഷെര്‍ഗില്‍, അംബിക ഖുറാന എന്നിവര്‍ക്കെതിരേ 295 എ വകുപ്പ് പ്രകാരമാണ് കേസെടുന്നത്.