അമ്മയ്‌ക്കെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഡബ്ല്യൂ.സി.സി, മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനം

0

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കലക്ടീവ്. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടിമാര്‍ ഉന്നയിച്ചത്.

മൂന്ന് ദിവസം മുമ്പ് അമ്മ പ്രസിഡന്റ് ഞങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് നടിമാര്‍ എന്നാണ്. ഞങ്ങളുടെ പേര് പോലും പറയാന്‍ അങ്ങേര്‍ക്ക് സാധിച്ചില്ല. അതുകൊണ്ടാണ് വന്നപ്പോള്‍ ഞങ്ങളെല്ലാവരും സ്വയം ഒന്നു പരിചയപ്പെടുത്തിയതെന്ന് വ്യക്തമാക്കിയാണ് രേവതി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

ഏഴാം തീയതി നടന്ന അമ്മ എക്‌സിക്യൂട്ടീവ് ചര്‍ച്ചയില്‍ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് തങ്ങള്‍ ജനറല്‍ ബോഡിക്ക് വന്നില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിക്കുനേരെ പോലും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തലുകളുണ്ടായി. പിന്നീട് ആ നടി അയച്ച ഒരു ശബ്ദസന്ദേശം യോഗത്തില്‍ കേള്‍പ്പിച്ചു. അതിനുശേഷമാണ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അമ്മ ഭാരവാഹികള്‍ തയ്യാറായത്. ഓഗസ്റ്റ് ഏഴിന് അക്രമത്തിനിരയായ നടി നല്‍കിയ രാജിക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മ ജനറല്‍ ബോഡിയിലെടുത്ത തീരുമാനത്തെ താന്‍ എങ്ങനെ തിരുത്തും എന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചോദിച്ചത്. എന്തിനും ഏതിനും ബൈലോയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ ഭാരവാഹികള്‍ക്ക് ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ വിശ്വാസിച്ചാണ് നമ്മള്‍ ചര്‍ച്ചയ്ക്ക് പോയത്. ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് നമ്മുക്കിപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയേണ്ട എന്നാണ്. ഒരു ചര്‍ച്ചയ്ക്ക് പരസ്പരവിശ്വാസം അനിവാര്യമാണ്. അതിന്റെ പേരിലാണ് ഇത്രകാലവും നിശബ്ദരായിരുന്നത്. കുറ്റാരോപിതനായ ഒരാള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. പീഡനത്തിന് ഇരയായ ആള്‍ സംഘടനയ്ക്ക് പുറത്താണ്. ഇതാണോ നീതി. ഇതിനെയാണോ നീതി എന്നു പറയുന്നത്.

നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്ത നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ആക്രമണത്തിനിരയായ നടിയെ വിശേഷിപ്പിച്ചത്. നടിയ്ക്ക് വേണ്ടി കേസില്‍ കക്ഷിചേരാന്‍ വേണ്ട ഹര്‍ജി തയ്യാറാക്കിയ ആളാണ് ബാബു രാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.

വുമണ്‍ ഇനി സിനിമകളക്ടീവ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ മീ ടൂ ക്യാമ്പയിന്റെ പശ്ചാത്തലത്തില്‍ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാവും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയെ നാണം കെടുത്താനല്ല ഞങ്ങളിവിടെ വന്നത്. സിനിമയ്ക്കുള്ളിലെ ഒരുപാട് നാണംകെട്ട കഥകള്‍ ഞങ്ങള്‍ക്കറിയാം. ഇതെല്ലാം വൈകാതെ പുറത്തു വരും. മീ ടൂ ക്യാമ്പയിന്‍ ഹോളിവുഡില്‍ തുടങ്ങും മുമ്പേ ആ ദിശയില്‍ പോരാട്ടം തുടങ്ങിയവരാണ് ഡെബ്‌ള്യൂ.സി.സി. വാര്‍ത്താസമ്മേളനം പോരാട്ടത്തിന്റെ അവസാനമല്ല, മറിച്ച് തുടക്കം മാത്രമാണെന്ന് ബീനാ പോള്‍ പറഞ്ഞു.

അമ്മയില്‍ നിന്നും പാര്‍വ്വതിയോ രേവതിയോ പത്മപ്രിയയോ രാജിവയ്ക്കില്ല. അതിനകത്ത് നിന്നു കൊണ്ടു തന്നെ പോരാട്ടം തുടരും. വര്‍ഷങ്ങളായി കണ്ടും അനുഭവിച്ചും പോരുന്ന നീതിക്കേടുകള്‍ക്ക് ഒരവസാനം കാണുക തന്നെയാണ് ലക്ഷ്യമെന്നും വാഴ്ത്തിപാടിയ പോലെ ഒരു സത്കുടുംബമല്ല അമ്മയെന്നും നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കല്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here