കല്‍പ്പറ്റ: വയനാട് കൊളവള്ളിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു. കടുവയെ നിരീക്ഷിച്ചു വരികയാണ്. പാറക്കവലയിലെ കൃഷിയിടത്തില്‍ വെച്ചാണ് മയക്കുവെടിവച്ചത്. ഉച്ചയോടെ സ്വകാര്യ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകന് പരുക്കേറ്റു.
അതേസമയം കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവച്ചത്. കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് സൂചന. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.