ന്യൂഡല്ഹി: ജലപീരങ്കിയുടെ മൂടി അടച്ച്‌ പുറത്തേക്ക് വരുന്ന യുവാവിന്റെ ചിത്രം കര്‍ഷക സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു. എന്നാല്‍ ഇതുചെയ്ത 26 കാരന്‍ നവ്ദീപ് സിങ്ങിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്‌. കര്‍ഷക സംഘടനയുടെ നേതാവ് ജയ്‌സിങ്ങിന്റെ മകനാണ് നവ്ദീപ് സിങ്ങ്. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന വധശ്രമം, കലാപം, കൊവിഡ്- 19 നിയന്ത്രണലംഘനം എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്..

നീലനിറത്തിലുളള ജാക്കറ്റ് ധരിച്ച് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്ത ശേഷം കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളിയിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ ഹീറോയെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.  കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ ഹരിയാണയിലും ഡല്‍ഹിയിലും രൂക്ഷമായാണ് പോലീസ് നേരിട്ടത്.   പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിക്കവേയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

“എന്റെ പഠനത്തിന് ശേഷം, കര്‍ഷക നേതാവ് കൂടിയായ പിതാവിനൊപ്പം ഞാന്‍ കൃഷിയിലേര്‍പ്പെട്ടു. ഞാനൊരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കര്‍ഷകരെ നോവിക്കുന്ന തരത്തില്‍ വെള്ളം ചീറ്റിയതു കൊണ്ടാണ് ചാടിക്കയറി മൂടി അടച്ചിട്ടത്”- നവ്ദീപ് സിങ് പ്രതികരിച്ചു.

“സമാധാനത്തോടെ പ്രതിഷേധിക്കുന്നതിനായി ഞങ്ങള്‍ ഡല്‍ഹിയിലേക്കുള്ള വഴിയിലായിരുന്നു. എന്നാല്‍ പൊലിസ് ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യംചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ ചോദ്യംചെയ്യാനും അവകാശമുണ്ട്”- നവ്ദീപ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here