വിഎസ് ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് സർക്കാരിന് കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങളാല്‍ കമ്മിഷൻ അധ്യക്ഷന്‍ എന്ന നിലയില്‍ തുടരാനാവാതെ വന്നിരിക്കുകയാണെന്ന് പറഞ്ഞാണ് രാജിവെച്ചെന്ന വാർത്ത വിഎസ് പുറത്തുവിട്ടത്. ‘തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.’ അച്യുതാനന്ദൻ പറഞ്ഞു.

ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്താണ് ഇത് തയ്യാറാക്കിയതെന്നും നിരവധി സെമിനാറുകളും യോഗങ്ങളും നടത്തിയെന്നും വിഎസ് പറഞ്ഞു.

യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസവും വിഎസ് പങ്കുവെച്ചു.

സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് പറയുന്നു. നേരത്തെ തന്നെ വിഎസ് ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അടുത്തിടെ ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here