കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
നിര്‍മാണ വൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയെന്നും അദ്ദേഹം പറഞ്ഞു. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പതിനൊന്ന് മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കുന്നത്. ചടങ്ങില്‍ മന്ത്രി കെ സുധാകരന്, ഹൈബി ഇൗഡന് എംപി, എംഎല്‍എമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചിക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ രണ്ട് പാലങ്ങളും യഥാര്‍ഥ്യമാകുന്നത്. ഇതോടെ കൊച്ചിയിലെ തിരക്കേറിയ ജംഗ്ലഷനിലെ അടക്കം കുരുക്കൊഴിമെന്നാണ് കരുതുന്നത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും. അതേസമയം, ഉദ്ഘാടനം വൈകുന്നതില്‍ പ്രതിഷേധിച്ച് ചിലര്‍ കഴിഞ്ഞ ദിവസം പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. സംഭവത്തില്‍ വിഫോര്‍ കൊച്ചി നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.