പുലിയെ പിടിച്ച് കറിവെച്ച് കഴിച്ച സംഭവം; പ്രതികൾക്ക്’ സ്വീകരണം നല്‍കാനൊരുങ്ങി നാട്ടുകാര്‍

മാങ്കുളത്ത് പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ചവർക്ക് പിന്തുണയുമായി നാട്ടുകാർ. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്യജീവി ആക്രമം പതിവാണെന്നും പരാതിപ്പെട്ടിട്ടും നടപടി ഇല്ലായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികളെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വന്യജീവി ആക്രമണത്തിനെതിരെ പരാതികൾ ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ മേഖലയിൽ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും ആടിനേയും കോഴികളേയും മാസങ്ങൾക്ക് മുമ്പ് പുലി പിടിച്ചിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുലിയെ കെണിവച്ച് പിടിച്ച് ഇറച്ചി പാകം ചെയ്തു കഴിച്ച മാങ്കുളം മുനിപ്പാറ മേഖല വന്യജിവികളുടെ സ്ഥിരം വിഹാര മേഖലയാണ്. കാലിന് പരിക്കേറ്റ ഒരാട് ഇപ്പോഴും തൊഴുത്തിലുണ്ട്. നാളിതുവരെ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവർക്ക് നാട്ടുകാർ പിന്തുണ നൽകുന്നത്. എന്നാൽ വന്യമൃ​ഗശല്യം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

പുലിയെ പിടികൂടുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പുലിയെ പിടിക്കാൻ ഗൂഢാലോചന നടത്തിയാൽ പോലും ശിക്ഷ അനുഭവിക്കേണ്ടി വരും. മാങ്കുളത്ത് പുലിയ പിടികൂടിയ കേസിൽ മുനിപാറ കൊള്ളിക്കടവിൽ പി കെ വിനോദ്, ബേസിൽ ഗാർഡൻ വീട്ടിൽ വി പി കുര്യാക്കോസ്, മാങ്കുളം പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി എസ് ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, മാങ്കുളം വടക്കുംചേരിൽ വിൻസെൻറ് എന്നിവരാണ് അറസ്റ്റിലായത്. പുലിയുടെ തോൽ, നഖങ്ങൾ, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകർ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

പുള്ളിപ്പുലി പറമ്പില്‍ വരാറുണ്ടെന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി വിനോദ് കെണിയൊരുക്കി ഒരു മാസത്തോളം കാത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണ് കെണി ഉണ്ടാക്കാന്‍ സഹായിച്ചത്. കാട്ടുപന്നിയെ പിടികൂടാന്‍ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാന്‍ ഉപയോഗിച്ചത്. രണ്ടു മരങ്ങള്‍ക്കിടയില്‍ കട്ടി കൂടിയ നൂല്‍ക്കമ്പി വലിച്ചു കെട്ടിയാണ് കെണി ഒരുക്കിയത്. പുലി കുടുങ്ങിയാല്‍ കുതറും തോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണമെന്നും പൊലീസ് പറയുന്നു. പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

കെണിയില്‍ കിടന്നു തന്നെ പുലി ചത്തു എന്നാണ് നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേര്‍ തിരിച്ചു വീതിക്കുകയായിരുന്നു. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് വില്‍ക്കാനാണ് ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചു കൊടുത്താണ് കച്ചവടം ഉറപ്പിച്ചത്. വിനോദ് അഞ്ചുലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂര്‍ സ്വദേശി സമ്മതിച്ചു. ഒടുവില്‍ മൂന്ന് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകളും പൊലീസ് കണ്ടെടു

പുലിത്തോല്‍ ഉണങ്ങാന്‍ വെയിലത്ത് വച്ചതും വില്‍പനയ്ക്കു ശ്രമിച്ചതുമാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. തോല്‍ കേടു വരാതിരിക്കാന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകര്‍ക്ക് ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here