തലയെടുപ്പോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമായി, വിമാനവാഹിനി നിര്‍മ്മിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

കൊച്ചി | കൊച്ചിന്‍ കപ്പല്‍ശാലയുടെ വാര്‍ഫില്‍ ഇന്നു തലയെടുപ്പോടെ നങ്കുരമിട്ടിരിക്കുന്ന ഐ.എന്‍.എസ്. വിക്രാന്ത് എന്ന രാജ്യത്തിന്റെ തദ്ദേശീയ വിമാനവാഹിനി ഇനി നാവികസേനയുടെ ഭാഗം. കപ്പല്‍ കമ്മിഷന്‍ ചെയ്തതോടെ, തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള വിക്രാന്തില്‍ 2300 കംപാര്‍ട്ട്‌മെന്റുകളുണ്ട്. സൂപ്പര്‍ സ്ട്രക്ചര്‍ അടക്കം കണക്കാക്കിയാല്‍ കപ്പലിനു 59 മീറ്റര്‍ ഉയരമുണ്ട്. 14 ഡെക്കുകളുള്ള കപ്പലില്‍ 1500 പേരെ വഹിക്കാനാകും. 14,000 പേര്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിട്ടാണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റു അനുബന്ധ വ്യവസായങ്ങളിലെ 12,000 ജീവനക്കാരും ഇതിലുള്‍പ്പെടും.

ഇന്ത്യയുടെ മുന്‍ വിമാനവാഹിനി, ഐ.എന്‍.എസ്. വിരാട് 1991 മുതല്‍ പതിമൂന്നിലേറെ തവണ അറ്റകൂറ്റപണി ചെയ്തിട്ടുള്ള കൊച്ചി കപ്പല്‍ ശാലയെ തന്നെയാണ് രാജ്യത്തിന്റെ ആദ്യ വിമാനവാഹിനി നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്തത്. ഏറ്റവും വലിയ ഡ്രൈ ഡോക്കുകള്‍ അന്നു കൊച്ചി കപ്പല്‍ശാലയ്ക്കു മാത്രമാണുണ്ടായിരുന്നുവെന്നതും അനുകൂലഘടകമായി. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒത്തിരി കടമ്പകളായിരുന്നു പിന്നിടേണ്ടിയിരുന്നത്. യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാനാവശ്യമായ സ്‌പെഷ്യലൈസ്ഡ് സ്റ്റീലിന്റെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിലച്ചത്, ഡിആര്‍ഡിഒയും സെയിലും ചേര്‍ന്ന് തദ്ദേശീയമായി നിര്‍മ്മിച്ചതു തുടങ്ങി വെല്‍ഡ് ചെയ്യാനുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ഇലക്‌ട്രോഡുകള്‍ നിര്‍മിച്ചതുവരെ ഇതിലുള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here