തിരുവനന്തപുരം | ഇടതു മുന്നണി കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്.
ഇ.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കം വിജിലന്‍സിന് നൽകിയ പരാതികളിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വിജിലൻസ് നടപടി. ഇ.പി.ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് വിജിലൻസിൽ പരാതി നൽകിയത്.
ചട്ടങ്ങൾ പാലിക്കാതെയും ആവശ്യമായ അനുമതികൾ വാങ്ങാതെയുമാണ് കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ പ്രദേശത്ത് വൈദേകം എന്ന റിസോർട്ട് പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. റിസോർട്ട് നിർമാണത്തിനും നടത്തിപ്പിനും വേണ്ട പാരിസ്ഥിതിക അനുമതി വാങ്ങിയിട്ടില്ല. റിസോർട്ടിന്റെ പ്രവർത്തനത്തിനു നിയമസാധുത ഇല്ലെന്നറിഞ്ഞിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
Vigilance seek permission to enquire complaint against ep jayarajan