തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ ചോര്‍ത്തി കിട്ടിയെന്ന ആരോപണത്തില്‍ സംശയത്തിന്റെ നിഴലിലായ പി.എസ്.സി. പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. ആരോപണവിധേയരായ സെക്രട്ടേറ്റിയറ്റ് ഉദ്യോഗസ്ഥരുടെ ആസ്തി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും.
തലസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ലക്ഷ്യ, വീറ്റോ എന്നീ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന നടന്നു. വീറ്റോയെന്ന കേന്ദ്രത്തില്‍ അധ്യാപനം നടത്തിയിരുന്ന ഫയല്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ. നായര്‍, രഞ്ജന്‍ രാജ് എന്നിവര്‍ നടത്തുന്നെന്നാരോപമുള്ള രണ്ട് കോച്ചിംഗ് സെന്ററുകളിലും ഒരേസമയമായിരുന്നു പരിശോധന. ഒരു സ്ഥാപനം ഷിബുവിന്റെ ഭാര്യയുടെ പേരിലും രണ്ടാമത്തേത് രഞ്ജന്‍ രാജിന്റെ സുഹൃത്തുക്കളുടെ പേരിലുമാണ്. സ്ഥാനപങ്ങളുടെ രസീതു ബുക്കുകള്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ വിജിലന്‍സ് പിടിച്ചെടുത്തു.
ലക്ഷ്യയെന്ന പരിശീലന കേന്ദ്രം സെക്രട്ടേറിയറ്റിലെ ഷിബുവെന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലാണ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ചാണ് ആക്ഷേപങ്ങളുയര്‍ന്നത്. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷേപവുമുണ്ടായിരുന്നു. പൊതുഭരണ വകുപ്പും പി.എസ്.സിയും അന്വേഷണം ആവശ്യപ്പെടുയും ചെയ്തതോടെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.