- Updates
- വിജിലന്‍സ് പരിശോധന നടന്ന 36 ശാഖകളിലും തിങ്കളാഴ്ച അടിയന്തര ആഭ്യന്തര ഓഡിറ്റ് നടത്താന്‍ കെ.എസ്.എഫ്.ഇയില്‍ തീരുമാനിച്ചു. അടിയന്തര സാഹചര്യമുള്ളതിലാണ് ഓഡിറ്റെന്നാണ് വിശദീകരണം. വിജിലന്‍സ് സംഘം കെ.എസ്.എഫ്.ഇയുടെ 36 ശാഖകളിലും എന്താണ് പരിശോധിച്ചത് എന്ന് വ്യക്തമാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
- കെ.എസ്.എഫ്.ഇയിലെ പരിശോധനയില്‍ വിജിലന്‍സ് തിങ്കളാഴ്ച ഓദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. പരിശോധനയുടെ വിവരങ്ങള്‍ എസ്.പിമാര്‍ ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കും. ധനമന്ത്രി തന്നെ വിജിലന്‍സ് കണ്ടെത്തലിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തല്‍ വിജിലന്‍സിന്റെ അടുത്ത നീക്കം പ്രധാനമാണ്.
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി വാക്പോര് രൂക്ഷമായി. തുടങ്ങിയ റെയ്ഡ് പാതിവഴിയില്‍ നിന്നത് സര്‍ക്കാരിനെ വെട്ടിലാക്കുമ്പോള്‍, ഇതേചൊല്ലിയുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പരസ്യ പ്രതിഷേധം സി.പി.എമ്മിലെ അഭിപ്രായ ഭിന്നത തുറന്നു കാട്ടുന്നു.
വിജിലന്‍സ് പരിശോധന പൂര്‍ത്തിയാക്കാത്തതും വിശദാംശങ്ങള്‍ പുറത്തുവരാത്തതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയുധമാക്കുമ്പോള്‍, വിഷയത്തില്‍ റെവന്യൂ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധനകളുടെ സാധ്യതയിലേക്ക് കടക്കുകയാണ് ബി.ജെ.പി. അതിനിടെ, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനകളില്‍ ഉടന്‍ തുടര്‍ നടപടികളില്ലെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്. സര്‍ക്കാര്‍ തലത്തിലുണ്ടായ അതൃപ്തിക്കിടയിലാണ് വിജിലന്‍സ് അന്വേഷത്തിന്റെ വേഗത നിലയ്ക്കുന്നത്.വിജിലന്‍സ് പരിശോധിച്ച ബ്രാഞ്ചുകളില്‍ അടിയന്തര ഓഡിറ്റിംഗ് നടത്താനുള്ള നടപടികള്‍ കെ.എസ്.എഫ്.ഇ തുടങ്ങി.
വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് അതൃപ്തിയുണ്ട്. വിജിലൻസ് റെയ്ഡ് നടത്തിയതിൽ ധനമന്ത്രി തോമസ് ഐസക് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഔചിത്യത്തോടെ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത്. വിജിലന്‍സിന്റെ വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിക്കും. റെയ്ഡിനെ കുറിച്ച് ആഭ്യന്തര വകുപ്പ് തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇ പൊളിയണമെങ്കില്‍ സര്‍ക്കാര്‍ പൊളിയണം. കെഎസ്എഫ്ഇയിലെ നിക്ഷേപം സുരക്ഷിതമായിരിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഐസക്കിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും വിജിലന്‍സ് റെയ്ഡിനെതിരെ രംഗത്തെത്തി. ഇതോടെ വിഷയം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കി.
വിജിലന്‍സ് പരിശോധനയിലൂന്നി സി.പി.എമ്മില്‍ പതിവില്ലാത്ത പരസ്യ പ്രതികരണങ്ങള്‍ അരങ്ങേറുമ്പോള്‍, പരിശോധനയില്‍ കണ്ടെത്തപ്പെട്ട വീഴ്ചകള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റല്‍, ഉദ്യോഗസ്ഥരുടെ ബിനാമി ചിട്ടികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം. അതിലൂന്നി, സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. സി.പി.എമ്മില്‍ പുകയുന്ന അമര്‍ഷം അതിനാല്‍ തന്നെ അവര്‍ക്ക് ബോണസാണ്.
കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലും അഴിമതിയുമാണ്. കെഎസ്എഫ്ഇയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇടപാടുകാരുടെ ആശങ്കകൾ അവസാനിപ്പിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതി കണ്ടെത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സെന്ന് ഐസക് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റെയ്ഡ് ഇടയ്ക്ക് നിര്‍ത്തിവയ്പ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.